27 April, 2024 12:08:58 PM
സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും താപനില ഉയരുമെന്ന് മുന്നറിയിപ്പിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.
12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പായ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസറഗോഡ്, തിരുവനന്തപുരം ജില്ലകളില്‍ ഈ മാസം 30 വരെയാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്നലെ പാലക്കാട് ഉഷ്ണതരംഗം സ്ഥിരീകരിച്ചിരുന്നു. റെക്കോഡ് ചൂടാണ് രേഖപ്പെടുത്തിയത്. 41.4 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം.