27 April, 2024 12:30:56 PM


ഉത്തരപേപ്പറില്‍ 'ജയ് ശ്രീറാം', വിദ്യാര്‍ഥികള്‍ പാസ്സ്; അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍



ലക്നൗ: ഉത്തരക്കടലാസില്‍ 'ജയ് ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികളെ പരീക്ഷയില്‍ പാസ്സാക്കിയതായി വിമര്‍ശനം. സംഭവത്തില്‍ പ്രൊഫസര്‍മാരെ സസ്പെന്‍ഡ് ചെയ്തു. ഉത്തരക്കടലാസില്‍ 'ജയ് ശ്രീറാം', ക്രിക്കറ്റ് താരങ്ങളുടെ പേരുകള്‍ എഴുതിയാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ വിജയിച്ചതെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് യുപിയിലെ സര്‍വകലാശാലയിലെ രണ്ട് പ്രൊഫസര്‍മാര്‍ക്കെതിരെയാണ് നടപടി. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ക്രമക്കേട് പുറത്തായത്. ഉത്തര്‍പ്രദേശിലെ ജൗന്‍പൂരിലെ സര്‍ക്കാര്‍ സര്‍വകലാശാലയിലെ രണ്ട് പ്രൊഫസര്‍മാരെയാണ് സംഭവത്തില്‍ സസ്പെന്‍ഡ് ചെയ്തത്.

പരിശോധനയില്‍ ഉത്തരക്കടലാസില്‍ ജയ് ശ്രീറാം മുദ്രാവാക്യങ്ങളും രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയ ക്രിക്കറ്റ് താരങ്ങളുടെ പേരുകളും എഴുതിയ വിദ്യാര്‍ത്ഥികള്‍ വിജയിച്ചതായി കണ്ടെത്തി. 50 ശതമാനത്തിലധികം മാര്‍ക്കും ഇവര്‍ക്ക് നല്‍കി. സര്‍വകലാശാല അഡ്മിനിസ്ട്രേഷന്‍ നിയോഗിച്ച അന്വേഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ സൂക്ഷ്മപരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. സസ്പെന്‍ഷന് പുറമെ പ്രൊഫസര്‍മാരെ പിരിച്ചുവിടാനുള്ള ശുപാര്‍ശ നല്‍കിയതായും വൈസ് ചാന്‍സലര്‍ വന്ദന സിംഗ് സ്ഥിരീകരിച്ചു.

ഒന്നാം വര്‍ഷ ഫാര്‍മസി കോഴ്‌സ് വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണയം നടത്തണമെന്നാവശ്യപ്പെട്ട് വീര്‍ ബഹാദൂര്‍ സിംഗ് പൂര്‍വാഞ്ചല്‍ യൂണിവേഴ്‌സിറ്റിയിലെ പൂര്‍വ വിദ്യാര്‍ഥിയായ ദിവ്യാന്‍ഷു സിംഗ് വിവരാവകാശ അപേക്ഷ നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പ്രൊഫസര്‍മാരായ വിനയ് വര്‍മയും ആശിഷ് ഗുപ്തയും വിദ്യാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ കൈക്കൂലി വാങ്ങിയെന്ന് ദിവ്യാന്‍ഷു സിംഗ് ആരോപിച്ചു. ഗവര്‍ണര്‍ക്ക് തെളിവുകളടക്കം ഇതുസംബന്ധിച്ച് പരാതിയും നല്‍കിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K