29 April, 2024 04:03:22 PM


ഹേമന്ത് സോറന്‍ നല്‍കിയ ഹര്‍ജിയില്‍ എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റിന് സുപ്രീം കോടതി നോട്ടീസ്



ന്യൂഡല്‍ഹി: ഭൂമി കുംഭകോണ കേസില്‍ ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ നല്‍കിയ ഹര്‍ജിയില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന് സുപ്രീംകോടതി നോട്ടീസ്. മെയ് ആറിന് മുന്‍പായി ഹര്‍ജിയില്‍ മറുപടി നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നു.

ഭൂമി കുംഭകോണ കേസിലേ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായിട്ടും ജാര്‍ഖണ്ഡ് ഹൈക്കോടതി വിധി വൈകുന്ന പശ്ചാത്തലത്തിലാണ് ഹേമന്ത് സോറന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഫെബ്രുവരി 28ന് വാദം പൂര്‍ത്തിയായ കേസില്‍ രണ്ട് മാസമായിട്ടും ഹൈക്കോടതി വിധി പറഞ്ഞിട്ടില്ല. ഇതുമൂലം നിര്‍ണായകമായ തിരഞ്ഞെടുപ്പ് സമയത്ത് ജയില്‍വാസം അനുവദിക്കേണ്ടി വരുന്നുവെന്നാണ് ഹര്‍ജിയില്‍ ഹേമന്ത് സോറന്‍ ചൂണ്ടിക്കാട്ടുന്നത്.

അറസ്റ്റ് ചോദ്യം ചെയ്ത് സോറന്‍ നല്‍കിയ ഹര്‍ജി ജാര്‍ഖണ്ഡ് ഹൈക്കോടതി വാദം കേട്ട് വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്. സുപ്രീംകോടതി വീണ്ടും കേസ് പരിഗണിക്കും മുന്‍പ് ഹൈക്കോടതിക്ക് വിധി പറയുന്നതിന് തടസമില്ലെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. ഹര്‍ജി പരിഗണിക്കവെ ഹേമന്ത് സോറന് ഇടക്കാല ജാമ്യം നല്‍കണമെന്ന് അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ഇഡിയുടെ സത്യവാങ്മൂലം അംഗീകരിച്ചാല്‍ തന്നെയും കേസില്‍ സോറന്റെ പങ്കിന് തെളിവില്ലെന്നും കപില്‍ സിബല്‍ വാദിച്ചു. മെയ് ആറിന് ശേഷം ഹര്‍ജി കോടതി വീണ്ടും പരിഗണിക്കും


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K