02 May, 2024 02:12:11 PM


മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു



മുംബൈ: മൊബൈല്‍ ഫോണ്‍ മോഷ്ടാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ മോഷണസംഘം വിഷം കുത്തിവച്ചതിനെ തുടര്‍ന്ന് പൊലീസുകാരന്‍ മരിച്ചു. മുപ്പതുകാരനായ പൊലീസുകാരന്‍ വിശാല്‍ പവാറാണ് താനെയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി മരിച്ചത്.

ഏപ്രില്‍ 28 തീയതി സബര്‍ബന്‍ ട്രെയിനില്‍ ജോലിക്ക് പോകുന്നതിനിടെയാണ് പൊലീസുകാരന്‍ ആക്രമിക്കപ്പെട്ടത്. ഇയാള്‍ വാതിലിന് സമീപം നില്‍ക്കുകയും ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. മുംബൈയിലെ സിയോണ്‍- മാതുംഗ സ്‌റ്റേഷന് സമീപം ട്രെയിനിന്റെ വേഗം കുറഞ്ഞപ്പോള്‍ ട്രാക്കിലുണ്ടായിരുന്ന മോഷ്ടാവ് ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന പൊലീസുകാരന്റെ കൈയില്‍ അടിക്കുകയും മൊബൈല്‍ ഫോണ്‍ താഴെ വീഴുകയും ചെയ്തു. ഇതിനിടെ പ്രതി ഫോണെടുത്ത് ട്രാക്കിലുടെ ഓടാന്‍ തുടങ്ങി. ട്രെയിന്‍ മെല്ലെയായതിനാല്‍ പൊലീസുകാരന്‍ ചാടി ഇറങ്ങി മോഷ്ടാവിനെ പിന്തുടര്‍ന്നു. കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ ലഹരിക്ക് അടിമയായ ഒരു സംഘം അദ്ദേഹത്തെ വളയുകയും അവര്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു.

സംഘര്‍ഷത്തിനിടെ അക്രമികളിലൊരാള്‍ വിശാലിന്റെ മുതുകില്‍ വിഷ വസ്തുകുത്തിവയ്ക്കുകയും മറ്റൊരാള്‍ ചുവന്ന തരത്തിലുള്ള ഒരുദ്രാവകം വായില്‍ ഒഴിക്കുകയും ചെയ്തു. അതിന് പിന്നാലെ വിശാല്‍ ബോധരഹിതനായതായും പൊലീസ് പറയുന്നു. പിറ്റേന്ന് രാവിലെ ബോധം തിരിച്ചുകിട്ടിയ വിശാല്‍ വീട്ടിലേക്ക് മടങ്ങി. ആരോഗ്യം വഷളായതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച രാത്രി ചികിത്സയിലിരിക്കെ വിശാല്‍ മരിച്ചു. വിശാലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അജ്ഞാതര്‍ക്കെതിരെ കേസ് എടുത്തതായും പ്രതികളെ ഉടന്‍ പിടികൂടാനാകുമെന്നും പൊലീസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K