02 May, 2024 04:43:28 PM


സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തില്ല; മറ്റ് വഴികൾ തേടാൻ കെഎസ്ഇബിയോട് സർക്കാർ



തിരുവനന്തപുരം : കൊടും ചൂടിൽ വൈദ്യുതി ഉപഭോഗം  കൂടിയെങ്കിലും സംസ്ഥാനത്ത് തൽക്കാലം ലോഡ് ഷെഡ്ഡിങ് ഇല്ല. വൈദ്യുതി നിയന്ത്രണം കൂടിയേ തീരുവെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടെങ്കിലും തൽക്കാലം ലോഡ് ഷെഡ്ഡിങ് വേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. മറ്റ് വഴികൾ നിർദ്ദേശിക്കാൻ കെഎസ്ഇബിയോട് സർക്കാർ ആവശ്യപ്പെട്ടു. 

ലോ‍ഡ്ഷെഡ്ഡിങ് വേണമെന്ന കെഎസ്ഇബിയുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ വിളിച്ച ഉന്നതതല യോഗത്തിലാണ് വൈദ്യുതി മന്ത്രി കൃഷ്ണൻ കുട്ടി, സർക്കാർ നിലപാട് അറിയിച്ചത്. ഇന്ന് ചേർന്ന കെഎസ്ഇബി ഉന്നതല യോഗത്തിലെ തീരുമാനങ്ങളും നിർദ്ദേശങ്ങളും വൈദ്യുതി മന്ത്രി മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിക്കും. കടുത്ത ചൂടില്‍ റെക്കോര്‍ഡ് വൈദ്യുതി ഉപയോഗമാണ് സംസ്ഥാനത്തുണ്ടാകുന്നത്. അതിനാൽ വൈദ്യുതി നിയന്ത്രണം കൂടിയേ തീരുവെന്ന നിലപാടിലാണ് ബോര്‍ഡ്. കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുമ്പോള്‍ പലയിടങ്ങളിലും ട്രാന്‍സ്ഫോമര്‍ കേടുവരുന്നതും വൈദ്യുതി വിതരണം നിലയ്ക്കുന്നതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. 

വേനൽ കടുത്തതോടെ ഓരോ ദിവസവും പീക്ക് ടൈമിൽ അയ്യായിരത്തിലേറെ മെഗാവാട്ട് കറണ്ടാണ് സംസ്ഥാനത്ത് വേണ്ടി വരുന്നത്. നേരത്തെ 11 മണി വരെ എന്ന് കണക്കാക്കിയിരുന്ന പീക്ക് ടൈം ഇപ്പോൾ പുലർച്ചെ രണ്ട് രണ്ടര വരെയായി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K