04 May, 2024 11:03:40 AM
കൊടും ചൂട് തുടരും; ശക്തിയേറിയ കടലാക്രമണത്തിന് സാധ്യത; കേരളാ തീരത്ത് ഇന്ന് റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. 12 ജില്ലകളിൽ യെല്ലോ അലർട്ട്. പാലക്കാട്, കൊല്ലം, കോഴിക്കോട്, തൃശൂർ, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള, തമിഴ്നാട് തീരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടലാക്രമണം, ഉയർന്ന തിരമാല എന്നിവയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഉയർന്ന താപനില
പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, തൃശൂർ ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർക്കോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 3 - 5 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
കടലാക്രമണ മുന്നറിയിപ്പ്
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഇന്ന് രാത്രി 11.30 വരെ അതി തീവ്ര തിരമാലകൾ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
ഇടിമിന്നലോടു കൂടിയ മഴ
എട്ട് ജില്ലകളിൽ മഴ പ്രവചനമുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് വേനൽ മഴ പ്രവചിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.