04 May, 2024 12:13:39 PM
എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; വൈദ്യുതി നിയന്ത്രണം ഇങ്ങനെ
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന വ്യാപകമായി ലോഡ് ഷെഡിങ് നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചെങ്കിലും പ്രാദേശിക തലത്തില്‍ പലേടത്തും നിയന്ത്രണം തുടങ്ങി. സാഹചര്യം വിലയിരുത്തി അതത് സ്ഥലത്ത് ആവശ്യമെങ്കില്‍ വിതരണം നിയന്ത്രിക്കാന്‍ ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
വന്‍കിട വ്യവസായങ്ങളുടെ പ്രവര്‍ത്തനം പുന:ക്രമീകരിക്കണമാണ് ഇതില്‍ പ്രധാനപ്പെട്ടത്. രാത്രി 9 ന് ശേഷം വാണിജ്യ സ്ഥാപനങ്ങളുടെ അലങ്കാര ദീപങ്ങള്‍, പരസ്യ ബോര്‍ഡുകള്‍ തുടങ്ങിയവ അണക്കണം. രാത്രി 10 മുതല്‍ പുലര്‍ച്ചെ 2 വരെയാണ് ക്രമീകരണം നടപ്പിലാക്കുക. 2 ദിവസം ഇത് വിലയിരുത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.
രാത്രിയില്‍ ചില പ്രദേശങ്ങളില്‍ ഇടയ്ക്കിടെ വിതരണം തടസ്സപ്പെടും. രാത്രി ഏഴിനും ഒന്നിനും ഇടയ്ക്കുള്ള സമയത്ത് വൈദ്യുതി ഉപയോഗം ക്രമാതീതമായാല്‍ വൈദ്യുതി വിതരണ ലൈനുകള്‍ ഓഫ് ചെയ്യുമെന്നുള്ള അറിയിപ്പാണ് കെഎസ്ഇബി പാലക്കാട് ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ പുറത്തിറക്കിയത്.
വീടുകളിലും മറ്റും എസിയുടെ താപനില 26 ഡിഗ്രിയില്‍ നിജപെടുത്തണമെന്നും നിര്‍ദേശമുണ്ട്. പീക് ലോഡ് സമയത്ത് അനാവശ്യ ലൈറ്റുകളും മറ്റ് ഉപകരണങ്ങളും ഓഫാക്കണം. അതേസമയം വൈദ്യുതിയുടെ അമിത ഉപയോഗത്തെ തുടര്‍ന്ന് വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തുമെന്നും കെഎസ്ഇബി അറിയിച്ചു. പാലക്കാട് ട്രാന്‍സ്മിഷന്‍ സര്‍ക്കിളിന് കീഴിലെ സബ്സ്റ്റേഷനുകളില്‍ അനാവശ്യ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാനാണ് കെഎസ്ഇബി ആവശ്യപ്പെട്ടത്.
മണ്ണാര്‍ക്കാട്, അലനല്ലൂര്‍ ഷൊര്‍ണൂര്‍, കൊപ്പം, കൂറ്റനാട്, ഒറ്റപ്പാലം, അരങ്ങോട്ട്കര, പട്ടാമ്പി, പത്തിരിപ്പാല, കൊല്ലങ്കോട്, നെന്മാറ, വടക്കഞ്ചേരി, കൊടുവായൂര്‍, ചിറ്റൂര്‍, ഒലവക്കോട്, വൈദ്യുതിഭവനം സബ്സ്റ്റേഷനുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് നിര്‍ദേശം. ഇവിടങ്ങളില്‍ വൈകീട്ട് 7 മുതല്‍ പുലര്‍ച്ചെ ഒരു മണി വരെയാണ് വൈദ്യുതി നിയന്തണം ഉണ്ടാവുക. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ , പൊന്നാനി സബ് സ്റ്റേഷനുകളിലും നിയന്ത്രണത്തിന് കെഎസ്ഇബി ഉത്തരവിട്ടു.