06 May, 2024 05:08:40 PM


കന്യാകുമാരിയിൽ കടലിൽ കുളിക്കുന്നതിനിടെ 5 മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചു



ചെന്നൈ: കന്യാകുമാരിയിൽ കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെയാണ് മരിച്ചത്. വിവാഹത്തിനെത്തിയതായിരുന്നു ഇവർ. തഞ്ചാവൂർ സ്വദേശി ചാരുകവി, നെയ്‌വേലി സ്വദേശി ഗായത്രി, കന്യാകുമാരി സ്വദേശി സർവദർശിത്, ദിണ്ടിഗൽ സ്വദേശി പ്രവീൺ സാം, ആന്ധ്രാപ്രദേശ് സ്വദേശി വെങ്കിടേഷ് എന്നിവരാണ് മരിച്ചത്. കരൂർ സ്വദേശിനി നേഷി, തേനി സ്വദേശി പ്രീതി പ്രിയങ്ക, മധുര സ്വദേശി ശരണ്യ എന്നിവരെ രക്ഷപ്പെടുത്തി. ഇവർ ആശാരിപള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

ലെമൂർ ബീച്ചിൽ നീന്താനെത്തിയപ്പോഴാണ് അപകടമുണ്ടായത്. കടൽക്ഷോഭ മുന്നറിയിപ്പിനെ തുടർന്ന് ബീച്ചിൽ പ്രവേശനം വിലക്കിയിരുന്നു. തെങ്ങിൻ തോപ്പിലൂടെയാണ് സംഘം ബീച്ചിൽ എത്തിയത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് കന്യാകുമാരി ജില്ലാ പൊലീസ് സൂപ്രണ്ട് ഇ സുന്ദരവതനം പറഞ്ഞു. തിരുച്ചിറപ്പള്ളിയിലെ എസ്ആർഎം മെഡിക്കൽ കോളേജിലെ വിദ്യാർഥികളാണ് ഇവർ. ഞായറാഴ്ച കന്യാകുമാരിയിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് കോളേജിൽ നിന്ന് വിദ്യാർഥികളുടെ സംഘം എത്തിയത്. ഞായറാഴ്ച ചെന്നൈയിൽ നിന്നുള്ള മറ്റ് മൂന്ന് പേർ മറ്റൊരു ബീച്ചിൽ മുങ്ങിമരിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K