07 May, 2024 04:25:05 PM


കെജ്രിവാളിന്‍റെ ഇടക്കാല ജാമ്യത്തില്‍ ഇന്ന് തീരുമാനമില്ല; വ്യാഴാഴ്ച്ച സുപ്രീം കോടതി വാദം കേള്‍ക്കും



ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഇന്ന് തീരുമാനമായില്ല. ജാമ്യം നല്‍കണോ എന്നതില്‍ വ്യാഴാഴ്ച സുപ്രീംകോടതി വാദം കേള്‍ക്കും.

കെജ്രിവാളിന്റെ അറസ്റ്റില്‍ വ്യക്തത വേണമെന്ന് ഹര്‍ജി പരിഗണിക്കവെ കോടതി ഇഡിയോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണം എന്തുകൊണ്ട് രണ്ടുവര്‍ഷം നീണ്ടുവെന്നും ഇഡിയോട് കോടതി ചോദിച്ചു. കെജ്രിവാളിന്റെ അറസ്റ്റിന് രണ്ട് വര്‍ഷം എടുത്തത് നല്ലതല്ലെന്ന് വ്യക്തമാക്കിയ കോടതി, ഇഡിയുടെ അന്വേഷണത്തിന്റെ സ്വഭാവവും യുക്തിയും പരിശോധിക്കണമെന്നും നിരീക്ഷിച്ചു. അരവിന്ദ് കെജ്രിവാളിന്റെയും മനീഷ് സിസോദിയയുടെയും അറസ്റ്റില്‍ വ്യക്തത വരുത്തണമെന്നും സുപ്രിംകോടതി പറഞ്ഞു. തുടക്കം മുതലുള്ള കേസ് ഫയല്‍ ഹാജരാക്കാനും ഇഡിക്ക് നിര്‍ദേശമുണ്ട്.

കെജ്രിവാളിന്റെ അറസ്റ്റ് സംബന്ധിച്ചാണ് പരിശോധന, കുറ്റവിമുക്തനാക്കാനല്ലെന്ന് കോടതി വ്യക്തമാക്കി. വിളവെടുപ്പ് പോലെ 6 മാസത്തിലൊരിക്കലല്ല പൊതു തിരഞ്ഞെടുപ്പ്, 5 വര്‍ഷത്തിലൊരിക്കലാണ്. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട രാഷ്ട്രീയ നേതാക്കള്‍ക്ക് പ്രത്യേക പരിഗണനയില്ല.

അരവിന്ദ് കെജ്രിവാള്‍ മറ്റൊരു കേസിലും പ്രതിയല്ല, സ്ഥിരം കുറ്റവാളിയല്ലെന്ന് കോടതി പറഞ്ഞു. ജാമ്യം നല്‍കരുതെന്ന ഇഡിയുടെ വാദത്തിലായിരുന്നു സുപ്രീംകോടതിയുടെ മറുപടി. ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിക്കരുതെന്ന് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടു. സാധാരണക്കാര്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നും ഇഡി വാദിച്ചു. ഇഡിയുടെ അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നായിരുന്നു കെജ്രിവാളിന്റെ ഹര്‍ജിയിലെ ആവശ്യം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K