08 May, 2024 12:49:29 PM


ടിപ്പര്‍ ലോറികളിലെ സ്പീഡ് ഗവര്‍ണറുകള്‍ ഊരിവെച്ചവര്‍ തിരിച്ചു പിടിപ്പിക്കണം: മന്ത്രി ഗണേഷ്



തിരുവനന്തപുരം: അമിത വേഗതയിലോടുന്ന ടിപ്പര്‍ ലോറികള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. സംസ്ഥാനത്തെ ടിപ്പര്‍ ലോറികളില്‍ അടുത്ത ദിവസങ്ങളില്‍ വ്യാപക പരിശോധന നടത്തുമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയാണ് അമിത വേഗതയിലോടുന്ന ടിപ്പര്‍ ലോറികള്‍ക്ക് ഒരു താക്കീതെന്ന നിലയിലുള്ള മന്ത്രിയുടെ പരാമര്‍ശം.

ടിപ്പര്‍ ലോറികളില്‍ ഘടിപ്പിച്ചിട്ടുള്ള സ്പീഡ് ഗവര്‍ണറുകള്‍ ഊരിവെച്ചിട്ടുള്ളവര്‍ അത് തിരിച്ചു പിടിപ്പിക്കണമെന്നും വ്യാപക പരിശോധന നടത്താന്‍ പോവുകയാണെന്നും മന്ത്രി പറഞ്ഞു. നിയമ ലംഘനം നടത്തുന്ന മുഴുവന്‍ വാഹനങ്ങളും ഇനി വരുന്ന ഡ്രൈവില്‍ പിടിച്ചെടുക്കും. ചില ടിപ്പര്‍ ലോറികളില്‍ സ്പീഡ് ഗവര്‍ണറുകള്‍ ഊരിവെയ്ക്കാതെ മറ്റ് ചില അഡ്ജസ്റ്റുമെന്റുകളാണ് ചെയ്യുന്നത്. സോഫ്റ്റ് വെയറുകളില്‍ ചില കനമ്പനികള്‍ കള്ളത്തരങ്ങള്‍ നടത്താറുണ്ട്. അവരും ഇതിന് ഉത്തരം പറയേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

ടിപ്പര്‍ ലോറികളില്‍ 60കിലോ മീറ്ററാണ് സ്പീഡ് ഗവര്‍ണറുകള്‍ ഉപയോഗിച്ച് സ്പീഡ് നിയന്ത്രിച്ചിട്ടുള്ളത്. അത് ഊരിവെച്ചാണ് ഓടിക്കുന്നതെങ്കില്‍ വാഹനം പിടിച്ചെടുക്കും. ഇത്തരത്തില്‍ എന്തെങ്കിലും ഊരിവെച്ചാണ് വാഹനം ഓടിക്കുന്നതെങ്കില്‍ ഉടന്‍ തന്നെ വാഹന ഉടമകള്‍ അത് ഘടിപ്പിക്കണം. നേരത്തെ പറഞ്ഞാല്‍ നിങ്ങള്‍ക്ക് പ്രതിഷേധിക്കേണ്ടി വരില്ലെന്നും കര്‍ശന നടപടിയെടുക്കുമെന്നും വ്യാജ സോഫ്റ്റ് വെയര്‍ ഉണ്ടാക്കി നല്‍കുന്ന കമ്പനികള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്നും മന്ത്രി പറഞ്ഞു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K