10 May, 2024 03:31:59 PM
വിവാഹനിശ്ചയം ബാലാവകാശ കമ്മീഷന്‍ തടഞ്ഞു; 16കാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു

ബെംഗളൂരു: കര്‍ണാടകയിലെ മടിക്കേരിയില്‍ 16 വയസ്സുകാരിയെ യുവാവ് വീട്ടില്‍ നിന്ന് വലിച്ചിഴച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിക്കാനിരുന്ന യുവാവാണ് കുട്ടിയെ അരുംകൊല ചെയ്തത്. ബാലാവകാശ കമ്മീഷന്‍ വിവാഹ നിശ്ചയ ചടങ്ങ് തടഞ്ഞതിന് പിന്നാലെയാണ് നാടിനെ നടുക്കിയ സംഭവം. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രകാശ് (32) എന്ന യുവാവിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
പത്താം ക്ലാസ് പരീക്ഷ പാസായ പെണ്‍കുട്ടിയും പ്രകാശും തമ്മിലുള്ള വിവാഹ നിശ്ചയ ചടങ്ങ് ഇന്നലെ നടത്താനാണ് ഇരു കുടുംബങ്ങളും തീരുമാനിച്ചത്. എന്നാല്‍, വിവരം അറിഞ്ഞെത്തിയ ബാലാവകാശ കമ്മീഷന്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ചടങ്ങ് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ പെണ്‍കുട്ടിയേയും കൂട്ടി കുടുംബാംഗങ്ങള്‍ വീട്ടിലേക്ക് മടങ്ങി.
എന്നാല്‍, മണിക്കൂറുകള്‍ക്കുശേഷം പ്രകാശ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി. പെണ്‍കുട്ടിയെ കാണണമെന്നും സംസാരിക്കണമെന്നും വാശിപ്പിടിച്ചു. ഇത് രക്ഷിതാക്കള്‍ എതിര്‍ത്തു. ഇതോടെ ഇയാള്‍ മാതാപിതാക്കളുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു. പിന്നീട് ഇവരെ അക്രമിച്ച് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് പുറത്തേക്ക് വലിച്ചിഴച്ചു. കൈയ്യില്‍ കരുതിയ കത്തിയുപയോഗിച്ച് പെണ്‍കുട്ടിയെ മാതാപിതാക്കളുടെ മുന്നിലിട്ട് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപെടുകയായിരുന്നുവെന്നും പ്രതിക്കായുള്ള തിരച്ചില്‍ ശക്തമാക്കിയതായും പൊലീസ് അറിയിച്ചു.