10 May, 2024 03:34:23 PM


പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി



കണ്ണൂര്‍: പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ തിങ്കളാഴ്ച വിധിക്കും. പ്രണയനൈരാശ്യത്തിന്റെ പകയില്‍ കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്ത് വിഷ്ണുപ്രിയ (23) യെ വീട്ടില്‍ കയറി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ശ്യാംജിത്ത് മുൻകൂട്ടി തീരുമാനിച്ച് കൊലപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. സംഭവത്തിന്റെ രണ്ടുദിവസം മുൻപ്‌ കൂത്തുപറമ്പിലെ കടയിൽനിന്ന് പ്രതി ചുറ്റികയും കൈയുറയും വാങ്ങിയിരുന്നു. ഇവ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇത് കേസിൽ നിർണായകമായി.

2022 ഒക്ടോബര്‍ 22 നാണ് നാടിനെ നടുക്കിയ കുറ്റകൃത്യം നടക്കുന്നത്. പാനൂര്‍ വള്ള്യായിലെ വീട്ടില്‍ സുഹൃത്തുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ കയറി വന്ന ശ്യാംജിത് വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. മരിച്ച ശേഷവും വിഷ്ണുപ്രിയയുടെ ശരീരത്തില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു.

29 മുറിവുകളാണ് യുവതിയുടെ ശരീരത്തിലുണ്ടായിരുന്നത്. ശ്യാംജിത്തുമായുളള സൗഹൃദം വിഷ്ണുപ്രിയ അവസാനിപ്പിച്ചതിന്റെ പകയായിരുന്നു കൊലയ്ക്ക് പ്രേരിപ്പിച്ചത്. വീട്ടുകാര്‍ ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്താണ് പ്രതി വിഷ്ണുപ്രിയയുടെ വീട്ടിലെത്തി കൊലപാതകം നടത്തിയത്. കേസിൽ 73 സാക്ഷികളാണുണ്ടായിരുന്നത്. മൂന്ന് ഫോറൻസിക് വിദഗ്ധരെയും പ്രോസിക്യൂഷൻ സാക്ഷികളായി ഉൾപ്പെടുത്തിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K