10 May, 2024 04:41:07 PM


ജെസ്ന തിരോധാനക്കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി



തിരുവനന്തപുരം: ജെസ്ന തിരോധാനക്കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവ്. ജെസ്നയുടെ പിതാവ് ജെയിംസ് നൽകിയ ഹർജിയില്‍ തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി പുറപ്പെടുവിച്ചത്. പിതാവ് സീൽ ചെയ്ത കവറിൽ സമർപ്പിച്ച തെളിവുകൾ കോടതി സിബിഐ എസ്പിക്ക് കൈമാറി.

ജെസ്നയുടെ പിതാവ് നൽകിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്താനാണ് കോടതി നിർദേശം. ജെസ്നയുടെ കുടുംബം ഉന്നയിച്ച വസ്തുതകൾ കൂടി അന്വേഷിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട ചില ചിത്രങ്ങള്‍ മുദ്രവെച്ച കവറില്‍ ജെസ്‌നയുടെ പിതാവ് ജെയിംസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്ന് 5 വർഷം മുൻപ് കാണാതായ ജെസ്ന മരിയയ്ക്ക് എന്തു സംഭവിച്ചു എന്നറിയില്ലെന്നും മരിച്ചോ എന്നു വ്യക്തമല്ലെന്നുമാണ് കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ സിബിഐ വ്യക്തമാക്കിയിരുന്നത്. സിബിഐ റിപ്പോർട്ട് തള്ളി തുടരന്വേഷണം വേണമെന്നും സിബിഐ കണ്ടെത്താത്ത കാര്യങ്ങൾ താൻ സമാന്തര അന്വേഷണത്തിലൂടെ കണ്ടെത്തിയെന്നുമാണ് ജെസ്നയുടെ പിതാവ് ജയിംസ് വാദിച്ചത്.

മകള്‍ ജീവിച്ചിരിപ്പില്ലെന്നും തന്റെ അന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചുവെന്നും അച്ഛന്‍ ജയിംസ് പറയുന്നു. ജെസ്‌നയുടെ അജ്ഞാത സുഹൃത്തിനെക്കുറിച്ചും വീട്ടിൽ നിന്നും കണ്ടെടുത്ത രക്തം പുരണ്ട വസ്ത്രത്തെക്കുറിച്ചും സിബിഐ വിശദമായി അന്വേഷിച്ചില്ല. ജെസ്ന ​ഗർഭിണിയായിരുന്നോ എന്ന് സംശയമുണ്ടെന്നും പിതാവ് സൂചിപ്പിച്ചിരുന്നു. തെളിവുകള്‍ നല്‍കിയാല്‍ അന്വേഷിക്കാമെന്ന് സിബിഐയും വ്യക്തമാക്കിയിരുന്നു. പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശി ജസ്‌നയെ 2018 മാര്‍ച്ച് 22 ന് കാണാായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K