11 May, 2024 10:36:08 AM
വിവാഹം മുടങ്ങി; 16കാരിയെ കഴുത്തറുത്തു കൊന്ന യുവാവ് മരിച്ച നിലയിൽ

ബംഗളൂരു: കര്‍ണാടകയിലെ മടിക്കേരിയില്‍ വിവാഹം മുടങ്ങിയതിനെ തുടർന്ന് 16കാരിയെ കൊന്നശേഷം തലയുമായി കടന്ന യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. ഒളിവിൽപ്പോയ പ്രകാശിന്റെ (32) മൃതദേഹം ഹമ്മിയാലയിൽ നിന്ന് കണ്ടെത്തി. മരിച്ച പെൺകുട്ടിയുടെ തലയ്ക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
പ്രകാശിന്റേത് ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. പത്താം ക്ലാസ് പരീക്ഷ വിജയിച്ചതിനു പിന്നാലെ പെൺകുട്ടിയെ കല്യാണം കഴിക്കാൻ ഒരുങ്ങുകയായിരുന്നു പ്രകാശ്. എന്നാൽ ബാലാവകാശ വകുപ്പ് ഇടപെട്ട് ഈ കല്യാണം റദ്ദാക്കുകയായിരുന്നു. ഇതേ തുടർന്ന് പെൺകുട്ടിക്ക് 18 വയസ്സ് ആകുന്നതു വരെ കല്യാണം നീട്ടിവയ്ക്കാൻ ഇരുകുടുംബങ്ങളും ബാലാവകാശ വകുപ്പിന്റെ ഇടപെടലിൽ തീരുമാനിച്ചിരുന്നു. ഇതിൽ പ്രകോപിതനായി യുവാവ് പ്രകാശ് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി മാതാപിതാക്കളെ ആക്രമിച്ചശേഷം പെൺകുട്ടിയെ 100 മീറ്ററോളം വലിച്ചുകൊണ്ടുപോയി. പിന്നീടാണ് തലയറുത്തത്. മർദനമേറ്റ പിതാവും മൂർച്ചയേറിയ ആയുധംകൊണ്ട് പരുക്കേറ്റ മാതാവും ആശുപത്രിയിൽ ചികിത്സയിലാണ്.