11 May, 2024 05:37:59 PM
കിണറിലെ പാറ പൊട്ടിക്കാന്‍ തോട്ടവെച്ചു, തിരിച്ചു കയറാനാകാതെ കിണറിനുള്ളിൽ വീണ തൊഴിലാളിക്ക് ദാരുണാന്ത്യം
പെരിന്തല്‍മണ്ണ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ കിണറിലെ പാറപൊട്ടിക്കുന്നതിനായി തോട്ടയ്ക്ക് തിരികൊളുത്തി പുറത്തേക്ക് കയറാനാകാതെ വീണുപോയ തമിഴ്നാട് സ്വദേശിക്ക് ദാരുണാന്ത്യം. ഇന്ന്ഉച്ചക്ക് 12.45-ഓടെ പെരിന്തല്‍മണ്ണ തേക്കിന്‍കോട് ആണ് സംഭവം. ഈറോഡ് എടപ്പാടി സ്വദേശി രാജേന്ദ്രന്‍ (45) ആണ് മരിച്ചത്.
തോട്ടോളി നൗഫലിന്റെ വീട്ടുമുറ്റത്തെ വറ്റിയ കിണര്‍ ആഴം കൂട്ടുന്നതിനായാണ് തോട്ടപൊട്ടിച്ചത്. 10 തോട്ടകളാണ് മുപ്പതടിയോളം താഴ്ചയുള്ള കിണറിനുള്ളിലെ പാറയില്‍ വെച്ചത്. ഇതിന്റെ തിരിക്ക് തീ കൊടുത്തശേഷം രാജേന്ദ്രന്‍ പകുതിയിലേറെ കയറിയെങ്കിലും മുകളിലെത്താനായില്ല. കയറിലെ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.
പുറത്തുനിന്നവര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വലിയ ശബ്ദത്തോടെ തോട്ട പൊട്ടിത്തെറിച്ചു. സ്ഫോടനത്തെത്തുടര്‍ന്ന് ഇളകിയ മണ്ണിനടിയിലായിരുന്നു രാജേന്ദ്രന്ദ്രന്‍. കിണര്‍ നിറയെ പുക മൂടിയിരുന്നു. പെരിന്തല്‍മണ്ണ അഗ്നിരക്ഷാസേനയും ട്രോമാകെയര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് പാറ തുളയ്ക്കാന്‍ ഉപയോഗിക്കുന്ന കംപ്രസര്‍ യന്ത്രമുപയോഗിച്ച് കിണറ്റിലെ പുക നീക്കിയശേഷമാണ് മണ്ണുമാറ്റി രാജേന്ദ്രനെ പുറത്തെത്തിച്ചത്. അരക്കെട്ടിന്റെ വലതുഭാഗത്ത് വയറിനും കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്ന രാജേന്ദ്രനെ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
രാവിലെ എട്ടോടെയാണ് രാജേന്ദ്രനുള്‍പ്പെടെയുള്ള ഏഴംഗം സംഘം ജോലിക്കെത്തിയത്. കിണറില്‍ തോട്ട പൊട്ടിക്കുന്ന ജോലിക്ക് ആളില്ലാതെ വരുമ്പോള്‍ സഹായിയായാണ് രാജേന്ദ്രന്‍ പോകാറുള്ളതെന്ന് സംഘത്തിന്റെ വാഹന ഡ്രൈവറായ ബാലന്‍ പറഞ്ഞു. ഭാര്യ വള്ളിക്കും രണ്ട് രണ്ട് മക്കള്‍ക്കുമൊപ്പം പെരിന്തല്‍മണ്ണ അഗ്നിരക്ഷാനിലയത്തിന് സമീപമാണ് രാജേന്ദ്രന്‍ താമസിച്ചിരുന്നത്.