12 May, 2024 11:17:08 AM


'പാർട്ടി തന്നെ വഞ്ചിച്ചു'; കാണാതായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തിരിച്ചെത്തി



അഹമ്മദാബാദ്: സ്ഥാനാർത്ഥിയാകാനായി പത്രിക സമർപ്പിക്കുകയും പിന്നീട് പത്രിക തള്ളിപ്പോയതിന് പിന്നാലെ കാണാതാവുകയും ചെയ്ത കോണ്‍ഗ്രസ് നേതാവ് തിരിച്ചെത്തി. സൂറത്തില്‍ സ്ഥാനാർത്ഥിയാകാനായി പത്രിക സമ‌ർപ്പിച്ച നിലേഷ് കുംഭാണിയാണ് കാണാതായി 20 ദിവസങ്ങള്‍ക്കുശേഷം മടങ്ങിയെത്തിയത്.


തിരികെയെത്തിയ നിലേഷ് പാർട്ടി തന്നെ വഞ്ചിച്ചുവെന്ന് കുറ്റപ്പെടുത്തി. 'ഞാൻ വഞ്ചിച്ചുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. കാംരേജ് നിയമസഭാ സീറ്റ് അവസാന നിമിഷം നിഷേധിച്ച്‌ 2017ലാണ് പാർട്ടിയെന്നെ ആദ്യമായി വഞ്ചിച്ചത്. കോണ്‍ഗ്രസാണ് ആദ്യം തെറ്റ് ചെയ്തത്, ഞാനല്ല. പ്രവർത്തിക്കുകയോ പ്രവർത്തിക്കാൻ അനുവദിക്കുകയോ ചെയ്യാത്ത അഞ്ച് സ്വയം പ്രഖ്യാപിത നേതാക്കളാണ് പാർട്ടി നടത്തിക്കൊണ്ടുപോവുന്നത്. ഇതില്‍ പ്രവർത്തകർ അസംതൃപ്തരാണ്.


ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ എഎപി നേതാക്കള്‍ക്കൊപ്പം പ്രചാരണത്തിനിറങ്ങിയപ്പോള്‍പ്പോലും കോണ്‍ഗ്രസ് നേതാക്കള്‍ എന്നെ എതിർത്തു. പത്രിക തള്ളിയതിന് പിന്നാലെ കേസ് കൊടുക്കാൻ അഹമ്മദാബാദിലേയ്ക്ക് പുറപ്പെട്ടതായിരുന്നു. പക്ഷേ കോണ്‍ഗ്രസ് നേതാക്കള്‍ എന്റെമേല്‍ കുറ്റം ചുമത്തിയതിനാല്‍ അത് ഉപേക്ഷിച്ചു. പാർട്ടി സംസ്ഥാന അദ്ധ്യക്ഷനായ പരേഷ് ധനാണിയോടുള്ള ബഹുമാനംകൊണ്ടാണ് ഇത്രയുംനാള്‍ പ്രതികരിക്കാതിരുന്നത്. പാർട്ടി നിർത്തിയ സ്വതന്ത്രർ പിൻവാങ്ങിയില്ലായിരുന്നുവെങ്കില്‍ മത്സരം ഉണ്ടാകുമായിരുന്നു'- നിലേഷ് കുംഭാണി വിമർശിച്ചു.


സൂറത്തില്‍ പത്രിക തള്ളിപ്പോവുകയും ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെയാണ് നിലേഷിനെ കാണാതായത്. തുടർന്ന് കോണ്‍ഗ്രസ് നിലേഷിനെ ആറുവർഷത്തേയ്ക്ക് പാർട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K