12 May, 2024 11:57:28 AM
ഭാര്യക്കുനേരെ എറിഞ്ഞ ആസിഡ് ബോൾ മകന്‍റെ ശരീരത്തിൽ; ഗൃഹനാഥൻ അറസ്റ്റിൽ

കാസർകോട്: കാസർകോട് ചിറ്റാരിക്കാലിൽ ഭാര്യക്കും മകനും നേരെ ആസിഡ് ബോൾ ആക്രമണം നടത്തിയ പിതാവ് അറസ്റ്റിൽ. പി.വി.സുരേന്ദ്രനാഥാണ് അറസ്റ്റിലായത്. പൊള്ളലേറ്റ മകൻ പി.വി.സിദ്ധുനാഥിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യ ആശ ഓടിമാറിയതിനാൽ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു.
കുടുംബ വഴക്കിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച രാത്രി ചിറ്റാരിക്കാൽ കമ്പല്ലൂരിലെ വീട്ടിൽ വച്ചാണ് സംഭവം. ഐസ് ക്രീം ബോളിൽ ആസിഡ് നിറച്ച് ഭാര്യക്ക് നേരെ എറിയുകയായിരുന്നു. ഭാര്യ ഓടിമാറിയതിനാൽ മകന്റെ പുറത്ത് പതിച്ചു. ഇയാൾ സ്ഥിരം മദ്യപാനിയാണെന്നും ഭാര്യയെ സംശയമാണെന്നും പൊലീസ് പറഞ്ഞു. ഫോൺവിളിയുമായി ബന്ധപ്പെട്ട് പതിവായി ഭാര്യയെ മർദ്ദിക്കാറുണ്ടെന്നും പൊലീസ് പറയുന്നു.