12 May, 2024 01:37:49 PM
പുതിയ 50 മിനി വര്‍ക്ക്‌ഷോപ്പ് വാനുകള്‍ സ്വന്തമാക്കാന്‍ കെ.എസ്.ആര്‍.ടി.സി
പാലക്കാട്: പ്രവര്‍ത്തനക്ഷമത കൂടിയതും ചെലവുകുറഞ്ഞതുമായ മിനി വര്‍ക്ക് ഷോപ്പ് വാനുകള്‍ സ്വന്തമാക്കാന്‍ കെ.എസ്.ആര്‍.ടി.സി. മൂന്നുവര്‍ഷം കൊണ്ട് 50 വാനുകളാണ് വാങ്ങുക. ഡീസലില്‍ ഓടുന്ന പുതിയ വാനുകള്‍ വാങ്ങുന്നതോടെ ഇന്ധനച്ചെലവ് ഗണ്യമായി കുറയ്ക്കാനാവുമെന്നാണ് നിഗമനം. പഴയ ബസുകളടക്കം രൂപമാറ്റം വരുത്തിയുണ്ടാക്കുന്ന വര്‍ക്ക് ഷോപ്പ് വാനുകളാണ് നിലവില്‍ കെ.എസ്.ആര്‍.ടി.സി. ഉപയോഗിക്കുന്നത്.
ഒരുലിറ്റര്‍ ഡീസലിന് പരമാവധി നാലുകിലോമീറ്റര്‍വരെ മാത്രം മൈലേജുള്ള ഇത്തരം വണ്ടികളുപയോഗിച്ചുള്ള അറ്റകുറ്റപ്പണി കെ.എസ്.ആര്‍.ടി.സി.ക്ക് കനത്ത ബാധ്യതയാണ്. ഉദാഹരണത്തിന്, ഇത്തരം സര്‍വീസ് വാനുകള്‍ പാലക്കാട്ടുനിന്ന് കോയമ്ബത്തൂരിലെത്തി തിരിച്ചെത്താന്‍ ഡീസലിനത്തില്‍ മാത്രം 3,000രൂപവരെ ചെലവുവരും.
വാനുകള്‍ ലഭ്യമല്ലാത്തിടത്ത് സര്‍വീസ് ബസുകളിലെത്തി മെക്കാനിക്കുകള്‍ അറ്റകുറ്റപ്പണി നടത്തേണ്ടി വരുമ്ബോഴുണ്ടാകുന്ന സമയനഷ്ടം വേറെയും. ഡ്രൈവര്‍ക്കും രണ്ട് മെക്കാനിക്കുകള്‍ക്കും സഞ്ചരിക്കാവുന്ന കാബിനും പണിയുപകരണങ്ങള്‍ സൂക്ഷിക്കാവുന്ന അടച്ചുറപ്പുള്ള കാരിയറും അടങ്ങുന്ന വാഹനമാണ് വാങ്ങുന്നത്.
മികച്ച മൈലേജും മലമ്ബ്രദേശങ്ങളിലെ ദുര്‍ഘട പാതകളിലടക്കം 1,500 കിലോ ഭാരവുമായി അതിവേഗമെത്താന്‍ ശേഷിയുള്ളവ യായിരിക്കും ഇവ. അന്തസ്സംസ്ഥാന റൂട്ടുകളോടുചേര്‍ന്ന ഡിപ്പോകളിലാവും ഇവ കൂടുതലായി വിന്യസിക്കുക. സ്വിഫ്റ്റ് ബസുകള്‍ക്കും ഈ സേവനം ഉപയോഗപ്പെടുത്തും.