13 May, 2024 12:28:33 PM
ഡല്‍ഹിക്ക് പിന്നാലെ രാജസ്ഥാനിലെ സ്‌കൂളുകളിലും ബോംബ് ഭീഷണി

ജയ്പൂര്‍: ഡല്‍ഹിക്ക് പിന്നാലെ രാജസ്ഥാനിലെ ജയ്പൂരിലെ സ്‌കൂളിലും ബോംബ് ഭീഷണി. ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിദ്യാര്‍ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചതായും ഡോഗ് സ്‌ക്വാഡുകളും സ്‌കൂളുകളില്‍ എത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ജയ്പൂരിലെ 4 സ്‌കൂളുകളിലാണ് ബോംബ് ഭീഷണി ഉണ്ടായത്. ഭീഷണി സന്ദേശങ്ങള്‍ ഇമെയില്‍ മുഖേനയാണ് ലഭിച്ചതെന്നും സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തലാണ് ജയ്പൂര്‍ പൊലീസ് കമ്മീഷണര്‍ ബിജു ജോര്‍ജ് ജോസഫ് പറഞ്ഞു. സെന്റ് തെരേസാസ് സ്‌കൂള്‍, എംപിഎസ് സ്‌കൂള്‍, വിദ്യാശ്രമം സ്‌കൂള്‍, മനക് ചൗക്ക് സ്‌കൂള്‍ എന്നീ നാല് സ്‌കൂളുകള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.
12 ദിവസത്തിനിടെ ഡല്‍ഹിയില്‍ 150 ഓളം സ്‌കൂളുകളില്‍ ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് ജയ്പൂരിലും സമാന സംഭവങ്ങളുണ്ടയിരിക്കുന്നത്. ഞായറാഴ്ച ഡല്‍ഹിയിലെ 20 ആശുപത്രികള്‍ക്കും ഐജിഐ വിമാനത്താവളത്തിനും നോര്‍ത്തേണ്‍ റെയില്‍വേയുടെ സിപിആര്‍ഒ ഓഫീസിനും ഇമെയിലുകളിലൂടെ ബോംബ് ഭീഷണിയുണ്ടായിരുന്നു.
ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് റഷ്യ ആസ്ഥാനമായുള്ള മെയിലിങ് സേവനത്തില്‍ നിന്നും ആശുപത്രികള്‍ക്ക് യൂറോപ്പ് ആസ്ഥാനമായുള്ള മെയിലിങ് സേവന കമ്പനിയായ 'beeble.com' ല്‍ നിന്നുമാണ് ഭീഷണികള്‍ ലഭിച്ചതെന്ന് വിവരം ലഭിച്ചിരുന്നു. 'courtgroup03@beeble.com' എന്ന സെന്‍ഡര്‍ ഐഡിയില്‍ നിന്നാണ് സന്ദേശം എത്തിയതെന്നും അന്വേഷണത്തിലൂടെ കണ്ടെത്തിയിരുന്നു.