14 May, 2024 11:17:06 AM
മുൻ വൈരാഗ്യം; വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ നാലുപേർ അറസ്റ്റിൽ

കൊച്ചി: വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിൽ നാലുപേർ പിടിയിൽ. ആലുവ നസ്രത്ത് റോഡിൽ രാജേഷ് നിവാസിൽ രാജേഷ്, പൈപ്പ് ലൈൻ റോഡിൽ മാധവപുരം കോളനിയ്ക്ക് സമീപം പീടിക പറമ്പിൽ വീട്ടിൽ ജ്യോതിഷ്, പൈപ്പ് ലൈൻ റോഡിൽ മേയ്ക്കാട് വീട്ടിൽ രഞ്ജിത്ത്, മാധവപുരം കോളനി ഭാഗത്ത് മെൽബിൻ എന്നിവരെയാണ് ആലുവ പൊലീസ് പിടികൂടിയത്.
എസ്എൻ പുരം ഭാഗത്തെ ജിതിന്റെ വീടാണ് പ്രതികൾ ആക്രമിച്ചത്. ഞായറാഴ്ച വൈകുന്നേരം വീട്ടിൽ അതിക്രമിച്ചു കയറിയ സംഘം വീടിന്റെ വാതിൽ വെട്ടി പൊളിക്കാൻ ശ്രമിക്കുകയും ജനൽച്ചില്ലുകൾ തല്ലി തകർക്കുകയും തുടർന്ന് നാല് ഇരു ചക്ര വാഹനങ്ങൾക്ക് കേടു വരുത്തിശേഷം വധ ഭീഷണി മുഴക്കുകയുമായിരുന്നു.
രാജേഷിന് ജിതിന്റെ അനുജനോടുള്ള മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. രാജേഷ്, ജ്യോതിഷ്, രഞ്ജിത്ത് എന്നിവർ നിരവധി കേസുകളിലെ പ്രതികളും ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടവരുമാണ്. അന്വേഷണ സംഘത്തിൽ ഡിവൈ എസ്പി എ പ്രസാദ്, ഇൻസ്പെക്ടർ എംഎം മഞ്ജു ദാസ്, എസ്ഐമാരായ എസ്എസ് ശ്രീലാൽ, കെ നന്ദകുമാർ, സിപിഒമാരായ ടിഎ അഫ്സൽ, കെഎം ഷാനിഫ്, കെകെ രാജേഷ്, പിഎ മുനീർ തുടങ്ങിയവരുണ്ട്