14 May, 2024 02:53:48 PM
നരേന്ദ്ര മോദി വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസി ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മൂന്നാം തവണയാണ് വാരാണസിയില്‍ മോദി മത്സരിക്കുന്നത്. ഗംഗാ പൂജയും കാശിയിലെ കാല ഭൈരവ ക്ഷേത്ര ദര്‍ശനവും നടത്തിയ ശേഷമായിരുന്നു പത്രികാ സമര്‍പ്പണം. കഴിഞ്ഞ ദിവസം റോഡ് ഷോ നടത്തി വരവറിയിച്ച മോദി ഇന്ന് രാവിലെ ദശാശ്വമേധ് ഘട്ടില്‍ ആദ്യം ഗംഗാപൂജ നടത്തി. പിന്നീട് കാലഭൈരവ ക്ഷേത്രത്തിലെത്തി അനുഗ്രഹം വാങ്ങുകയായിരുന്നു.
ഹിന്ദു പഞ്ചാംഗ പ്രകാരം അഭിജിത്ത് മുഹൂര്‍ത്തത്തിലായിരുന്നു വരണാധികാരിക്ക് മോദി പത്രിക കൈമാറിയത്. അയോധ്യയില്‍ പ്രാണപ്രതിഷ്ഠയുടെ സമയം നിശ്ചയിച്ച ഗണേശ്വര്‍ ശാസ്ത്രിയാണ് പത്രികസമര്‍പ്പണത്തിനുള്ള സമയവും തീരുമാനിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, യോഗി ആദിത്യനാഥ് അടക്കമുള്ള 11 എന്‍ഡിഎ മുഖ്യമന്ത്രിമാര്‍, 20 കേന്ദ്ര മന്ത്രിമാര്‍, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, ശിവസേന, ടിഡിപി, എല്‍ജെപി, ആര്‍എല്‍ഡി അടക്കമുള്ള ഘടക കക്ഷികളുടെ നേതാക്കള്‍ എന്നിവരെല്ലാം പത്രികാ സമര്‍പ്പണത്തിനെത്തി. കേരളത്തില്‍ നിന്ന് ബിഡിജെഎസിനെ പ്രതിനിധീകരിച്ച് തുഷാര്‍ വെള്ളാപ്പള്ളിയും പങ്കെടുത്തു.
ആരോഗ്യ പ്രശ്‌നം പറഞ്ഞ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ചടങ്ങില്‍ പങ്കെടുത്തില്ല. ജൂണ്‍ ഒന്നിന് ഏഴാം ഘട്ടത്തിലാണ് വാരണാസിയില്‍ വോട്ടെടുപ്പ്. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായി ആണ് ഇവിടെ ഇന്‍ഡ്യ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി. കഴിഞ്ഞ രണ്ട് തവണയും ബിജെപിയുടെ ഭൂരിപക്ഷം വര്‍ധിപ്പിച്ച മോദി ഇത്തവണ അഞ്ച് ലക്ഷത്തിലേറെ ഭൂരിപക്ഷം നേടുമെന്നാണ് ബിജെപിയുടെ അവകാശ വാദം.