14 May, 2024 03:55:28 PM


മൊബൈല്‍ പിടിച്ചുവച്ചു; കൊല്ലാൻ ശ്രമിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ല- നവവധു



കൊച്ചി: ഭർത്താവ് ക്രൂരമായി മർദ്ദിച്ചതായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നവവധു പറഞ്ഞു. സംശയത്തിന്റെ പേരിലാണ് പുലർച്ചെ രണ്ടു മണിയോടെ മദ്യപിച്ചെത്തിയ രാഹുൽ ക്രൂരമായി മർദ്ദിച്ചത്. മൊബൈൽ ചാർജറിന്റെ വയർ കഴുത്തിൽ മുറുക്കി. ബെൽറ്റ് കൊണ്ട് അടിച്ചു കൊല്ലാൻ ശ്രമിച്ചിട്ടും വീട്ടിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ലെന്നും യുവതി പറഞ്ഞു. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിലാണ് യുവതി ഭർത്താവിന്റെ ക്രൂരമർദനത്തിന് ഇരയായത്.

ബെൽറ്റിന് അടിച്ചതു കൂടാതെ തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തു. മർദ്ദനത്തെത്തുടർന്ന് അബോധാവസ്ഥയിലായി. മൂക്കിൽ നിന്നും ചോര വരികയും ചെയ്തിരുന്നു. ഭർത്താവും സുഹൃത്തും ചേർന്നാണ് ആശുപത്രിയിൽ കൊണ്ടുപോയതെന്നും 150 പവനും കാറും കിട്ടാൻ തനിക്ക് അര്‍ഹതയുണ്ടെന്ന് പറഞ്ഞാണ് തര്‍ക്കം തുടങ്ങിയതെന്നും യുവതി പറയുന്നു. മാട്രിമോണിയൽ വെബ്സൈറ്റ് വഴിയാണ് വിവാഹാലോചന വന്നത്. വിവാഹത്തിന് ശേഷം രാഹുലിന് സംശയമായിരുന്നു. കൂടെ ജോലി ചെയ്യുന്നവർ അടക്കമുള്ള പുരുഷന്മാരുടെ ഫോൺ നമ്പറുകൾ ബ്ലോക്ക് ചെയ്തിരുന്നു എന്നും യുവതി പറഞ്ഞു.

വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുശേഷം അടുക്കള കാണൽ ചടങ്ങിനായി കോഴിക്കോട്ടെ ഭർതൃവീട്ടിൽ എത്തുമ്പോൾ, മർദ്ദനമേറ്റ് മകളെ കാണാൻ പോലും തിരിച്ചറിയാൻ പറ്റാത്ത വിധം വിരുപമായിരുന്നു. നെറ്റിയെല്ലാം മുഴച്ച്, മൂക്കിൽ നിന്നും രക്തം പന്ന പാടുകളോടെയാണ് മകളെ കണ്ടത്. ചോദിച്ചപ്പോൾ കുളിമുറിയിൽ വീണതാണ് എന്നാണ് പറഞ്ഞത്. എക്സ്റേ എടുത്തോ എന്നു ചോദിച്ചപ്പോൾ അതിനുള്ള കുഴപ്പമൊന്നും അവൾക്കില്ല എന്നായിരുന്നു മറുപടിയെന്നും യുവതിയുടെ പിതാവ് പറഞ്ഞു.

യുവതിയുടെ പരാതിയിൽ ഭർത്താവ് കോഴിക്കോട് പന്തീരാങ്കാവ് തെക്കേ വള്ളിക്കുന്ന സ്നേഹതീരത്തിൽ രാഹുൽ പി ഗോപാൽ (29) നെതിരെ ഗാർ‍ഹിക പീഡനത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ജർമനിയിൽ എയ്റോനോട്ടിക്കൽ എൻജിനീയറാണ് രാഹുൽ. മർദ്ദനമേറ്റ എറണാകുളം പറവൂർ സ്വദേശിനിയായ യുവതി പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. രാഹുലിന്റെ അമ്മയും സഹോദരിയും സ്ത്രീധനമായി കൂടുതൽ സ്വർണവും കാറും ആവശ്യപ്പെട്ട് മകളെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് യുവതിയുടെ അച്ഛൻ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K