16 May, 2024 12:58:38 PM
വൻ അഴിമതി: ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ ക്രമക്കേടിൽ സർക്കാരിന് വൻനഷ്ടം
കോട്ടയം : ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ വിവിധ ഓഫിസുകളിൽ സംസ്ഥാന വ്യാപകമായി വിജിലൻസ് റെയ്ഡ്. കമ്മീഷണറേറ്റിലും 14 ജില്ലകളിലെയും അസി. ഫുഡ് സേഫ്റ്റി കമ്മീഷണറേറ്റുകളിലും ഭക്ഷ്യസുരക്ഷ ലൈസൻസ് വിതരണം ചെയ്യുന്ന നഗര പ്രദേശങ്ങളിലെ തിരഞ്ഞെടുത്ത ഭക്ഷ്യസുരക്ഷ സർക്കിൾ ഓഫീസുകളിലും നടന്നുവരുന്ന മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന ക്രമക്കേടുകൾ.
ഭക്ഷ്യസുരക്ഷ വകുപ്പിലെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നു എന്ന രഹസ്യ വിവരത്തെ തുടർന്നാണ് മിന്നൽ പരിശോധന. പന്ത്രണ്ട് ലക്ഷത്തിൽ കൂടുതൽ വാർഷിക വിറ്റ് വരവുള്ള ഹോട്ടലുകാർക്ക് ലൈസൻസിന് പകരം ഭക്ഷ്യസുരക്ഷ വകുപ്പിലെ ഉദ്യോഗസ്ഥർ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മാത്രം നൽകി ഫീസിനത്തിൽ സർക്കാരിന് വൻ സാമ്പത്തിക നഷ്ടം വരുത്തുന്നതായി കണ്ടെത്തി.
ഒന്നാം രജിസ്ട്രേഷന്‍റെ കാലാവധി കഴിയുമ്പോൾ തട്ടുകടക്കാരൊഴികെയുള്ളവർക്ക് രണ്ടാം തവണ ലൈസൻസ് നൽകണമെന്ന് എഫ്. എസ്. എസ്. എ. ഐ. ചട്ടം പറയുന്നുണ്ടെങ്കിലും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ അത് പാലിക്കാതെ രജിസ്ട്രേഷൻ വീണ്ടും വീണ്ടും പുതുക്കി നൽകുന്നു.
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലുള്ള ഹോട്ടലുകളിലെ ജീവനക്കാർക്ക് വേണ്ടി മാത്രമായി സർക്കാർ വിഭാവന ചെയ്യുന്ന സൗജന്യ ഫുഡ് സേഫ്റ്റി ട്രെയിനിങ് ആൻഡ് സർട്ടിഫിക്കേഷൻ (എഫ്.ഒ.എസ്.ടി.എ. സി) പരിശീലനത്തിന് ലൈസൻസുള്ള വൻകിട ഹോട്ടലുകളിലെ ജീവനക്കാർക്കും അവസരമൊരുക്കി സൗജന്യ ട്രെയിനിങ് സംവിധാനത്തെ ഉദ്യോഗസ്ഥർ അട്ടിമറിക്കുന്നു.
സംസ്ഥാനത്തെ ലാബുകളിലെ പരിശോധനയിൽ സുരക്ഷിതമല്ലാത്തതായി പരിശോധന ഫലം വരുന്ന ഭക്ഷ്യ വസ്തുക്കളുടെ ഉല്പാദകർ അപ്പീൽ ഫയൽ ചെയ്യുകയാണെങ്കിൽ റഫർ ലാബുകളിലേക്ക് അയക്കുന്ന സാമ്പിളുകൾ വകുപ്പ് ഉദ്യോഗസ്ഥർ തിരിമറി നടത്തുന്നു. അത് വഴി ലാബുകളിൽ നിന്നും ലഭിക്കുന്ന ഭൂരിപക്ഷം ഫലങ്ങളും അട്ടിമറിയ്ക്കപ്പെടുന്നു.
ഭക്ഷ്യസുരക്ഷ ലാബുകളിൽ നിന്നും സുരക്ഷതമല്ലാത്തതാണെന്ന് പ്രാഥമിക പരിശോധനകളിൽ ലഭിക്കുന്ന ഫലങ്ങൾ 90 ദിവസം കഴിഞ്ഞാൽ പ്രോസിക്യൂഷൻ പാടില്ല എന്ന ചട്ടത്തിന്‍റെ ആനുകൂല്യം നൽകുന്നതിലേക്ക് പ്രസ്തുത സാമ്പിളുകളിന്മേലുള്ള നടപടി ഒഴിവാക്കാൻ ഉദ്യോഗസ്ഥർ കാലതാമസം വരുത്തിയ ശേഷം ഭക്ഷ്യ സുരക്ഷ കമ്മീഷണർക്ക് അയക്കുന്നു.
സംസ്ഥാനത്തെ ലാബുകളിൽ നിന്നും സബ് സ്റ്റാൻഡേർഡ് / മിസ്ബ്രാൻഡ് എന്ന പരിശോധനഫലം കിട്ടുന്ന ഉല്പന്നങ്ങളുടെ സാമ്പിളുകൾ സംബന്ധിച്ച ഫയലുകൾ ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ അഡ് ജ്യൂഡിക്കേറ്റിംഗ് ഓഫീസർക്ക് സമയത്ത് നൽകാതെ പ്രസ്തുത ഉല്പന്നങ്ങൾ മുഴുവൻ മാർക്കറ്റിൽ വിറ്റഴിക്കുന്നതിന് സമയം നൽകിയ ശേഷം മാത്രം പിഴ ഈടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതായും കണ്ടെത്തി.
ഭക്ഷ്യ വിതരണത്തിനുള്ള ലൈസൻസ് എടുത്തിട്ടുള്ള ഭക്ഷ്യ ഉല്പാദകർ അതാത് വർഷം മാർച്ച് 31നകം അതാത് ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർക്ക് റിട്ടേൺസ് ഫയൽ ചെയ്യണമെന്നതാണ് നിയമം. ഇപ്രകാരം ചെയ്തില്ലെങ്കിൽ ദിനം പ്രതി 100 രൂപ വീതം ഫൈൻ ഈടാക്കണം. എന്നാൽ ഈ ഫൈൻ ഈടാക്കാതെ ഉദ്യോഗസ്ഥർ ഫയൽ റിട്ടേൺ ചെയ്യാൻ കൂട്ട് നിൽക്കുന്നു.
സംസ്ഥാനത്ത് ഹോട്ടലുകൾക്കുള്ള ഹൈജീൻ ഹോട്ടൽ റേറ്റിംഗ് എന്ന സംവിധാനം ഭക്ഷ്യ സുരക്ഷ വകുപ്പ് ഓഫിസിലെ ചില ഉദ്യോഗസ്ഥർ വ്യാപകമായി അട്ടിമറിക്കുന്നു. ഭക്ഷ്യസുരക്ഷ വകുപ്പിന് നേരിട്ടും ടോൾ ഫ്രീ മുഖേനയും പരാതികൾ ലഭിക്കാറുണ്ടെങ്കിലും ഉദ്യോഗസ്ഥർ ഇത് പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തുന്നതായും കണ്ടെത്തി.
കോട്ടയം ജില്ലയിൽ കോട്ടയം ഫുഡ് സേഫ്റ്റി അസി കമ്മീഷണർ ഓഫീസ്, കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശ്ശേരി, കടുത്തരുത്തി
ഫുഡ് സേഫ്റ്റി സർക്കിൾ ഓഫീസുകൾ എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. DySP മാരായ വി.ആർ രവികുമാർ, മനോജ് കുമാർ പി.വി, ഇൻസ്പെക്ടർമാരായ
പ്രതീപ് എസ്, മഹേഷ് പിള്ള, രമേശ് ജി, സജു എസ് ദാസ്
സബ്ബ് ഇൻസ്പെക്ടർമാരായ
സ്റ്റാൻലി തോമസ്, ജെയ്മോൻ വി.എം, അനിൽ കുമാർ,
ഗസറ്റഡ് ഓഫീസറായ ചങ്ങനാശ്ശേരി LR തഹസീൽദാർ നിജു കുര്യൻ എന്നിവരുടെ നേത്രത്വത്തിലാണ് പരിശോധന.