18 May, 2024 03:36:09 PM
സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: സ്വാതി മാലിവാള്‍ എംപിക്ക് നേരെയുണ്ടായ അതിക്രമത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പിഎ ബിഭവ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ബിഭവിനെ സിവില്‍ലൈന്‍സ് പൊലീസ് സ്റ്റേഷനിലെത്തിച്ചു.
ബിഭവ് കുമാറില്‍ നിന്ന് ക്രൂരമായ ആക്രമണം നേരിട്ടെന്നാണ് പൊലീസ് എഫ്‌ഐആറിലുള്ളത്. പലതവണ തല്ലുകയും ചവിട്ടുകയും ചെയ്തുവെന്നും സഹായത്തിനായി നിലവിളിച്ചപ്പോള്‍ ആരും എത്തിയില്ലെന്നും പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
സംഭവത്തില്‍ മെയ് 16ന് രാത്രി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ബിഭവ് കുമാറിനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. ബിഭവ് കുമാര്‍ മുഖത്ത് പല തവണ അടിച്ചതായും ഷര്‍ട്ട് പിടിച്ചുവലിച്ചതായും നെഞ്ചിലും അടിവയറ്റിലും ആവര്‍ത്തിച്ച ചവിട്ടിയതായും എഫ്‌ഐആറില്‍ പറയുന്നു. മുടിയില്‍ പിടിച്ചുവലിച്ച് മുറിയിലൂടെ വലിച്ചിഴച്ചെന്നും പറയുന്നുണ്ട്.
മെയ് 13ന് രാവിലെ ഒന്‍പതുമണിയോടെയാണ് സ്വാതി മലിവാള്‍ കെജരിവാളിന്റെ വീട്ടിലെത്തിയത്. സ്വീകരണമുറിയില്‍ വച്ചാണ് സ്വാതി മാലിവാളിന് മര്‍ദനമേറ്റത്. സംഭവസമയം കെജരിവാള്‍ വീട്ടിലുണ്ടായിരുന്നെന്നും സ്വീകരണമുറിയിലുണ്ടായിരുന്നില്ലെന്നുമാണ് മാലിവാള്‍ പറഞ്ഞത്. യാതൊരു പ്രകോപനവുമില്ലാതെയാണ് ബൈഭവ് തന്നെ ചീത്തവിളിച്ചതും മര്‍ദിച്ചതുമെന്നും മാലിവാള്‍ പറഞ്ഞു. മജിസ്‌ട്രേറ്റിന് മുന്‍പാകെയും സ്വാതി രഹസ്യമൊഴി നല്‍കിയിട്ടുണ്ട്.