18 May, 2024 03:39:23 PM
കോട്ടക്കലില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് റോഡരില്‍ ഉപേക്ഷിച്ചു

മലപ്പുറം: കോട്ടക്കലില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് റോഡരില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതായി കോട്ടക്കല്‍ സി ഐ അശ്വിത് എസ് കാരന്മയില്‍. കോട്ടക്കലിലെ സൂപ്പിബസാര്‍ സ്വദേശി ഷഹദിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ കോട്ടൂര്‍ സ്വദേശി ബാബു, നൗഫല്‍ എന്നിവര്‍ ഉള്‍പ്പടെ കണ്ടാലറിയാവുന്ന 12ഓളം പേര്‍ക്കെതിരെ കേസ് എടുത്തതായി സിഐ അറിയിച്ചു. സംഭവത്തിനു ശേഷം പ്രതികള്‍ മുങ്ങിയതായും പ്രതികള്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നാണ് വിവരമെന്നും പൊലീസ് അറിയിച്ചു. സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് ഷഹദിനെ അക്രമി സംഘം കൂട്ടികൊണ്ടുപോയത്.
കോടശ്ശേരിപാറയില്‍ കൊണ്ടുപോയി യുവാവിനെ ആയുധങ്ങള്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് മര്‍ദ്ദിച്ചത്. അക്രമത്തില്‍ യുവാവിന്റെ തലയ്ക്കും കണ്ണിനും, മൂക്കിനും പരിക്കേറ്റു. കൂടാതെ ഒരു കോടി രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. പൊലീസ് ഇടപെട്ടതോടെ യുവാവിനെ ചങ്കുവെട്ടിയില്‍ ഉപേക്ഷിച്ചു.
മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോകല്‍, ഉപദ്രവം എന്നിവക്കെതിരെയാണ് കേസെടുത്തത്. അക്രമം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടതാണോ എന്നതില്‍ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം കൊണ്ടുവന്ന സ്വര്‍ണവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് അക്രമത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.