18 May, 2024 05:14:27 PM


ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യത; വരും ദിവസങ്ങളില്‍ പെരുമഴ, ജാഗ്രത



തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ സീസണിലെ ആദ്യ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. വടക്ക് കിഴക്കന്‍ ദിശയില്‍ സഞ്ചരിച്ചു മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. തെക്കന്‍ ഛത്തീസ്ഗഡില്‍ നിന്ന് തെക്കന്‍ കര്‍ണാടക വരെ ന്യുനമര്‍ദ്ദ പാത്തി രൂപപ്പെട്ടിട്ടുണ്ട്. മറ്റൊരു ന്യുനമര്‍ദ്ദ പാത്തി മറാത്തവാഡയില്‍ നിന്ന് തെക്കന്‍ തമിഴ്‌നാട് വഴി ചക്രവാതച്ചുഴിയിലേക്കു നീണ്ടുനില്‍ക്കുന്നു. ഇതിന്റെയെല്ലാം സ്വാധീനഫലമായി ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

മെയ് 18 മുതല്‍ 22 വരെ ശക്തമായ പടിഞ്ഞാറന്‍ / തെക്ക് പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍ ശക്തമാകാനും സാധ്യതയുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത ഏഴു ദിവസം ഇടി മിന്നലിനും കാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മെയ് 19, 20, 21 തീയതികളില്‍ അതിതീവ്രമായ മഴയ്ക്കും, മെയ് 18 മുതല്‍ 22 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ / അതി ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K