20 May, 2024 10:00:12 AM
സൈബർ ആക്രമണം; നാലാം നിലയിൽനിന്ന് വീണ് രക്ഷപ്പെട്ട കുഞ്ഞിന്‍റെ അമ്മ ജീവനൊടുക്കി
കോയമ്പത്തൂർ: അപ്പാർട്‌മെന്റിന്റെ നാലാം നിലയില്‍നിന്ന് വീണെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ട ഏഴു മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവു രൂക്ഷമായ സൈബർ ആക്രമണം താങ്ങാനാകാതെ ജീവനൊടുക്കി. ഐടി കമ്ബനി ജീവനക്കാരിയും തിരുവാരൂർ സ്വദേശി വെങ്കിടേഷിന്റെ ഭാര്യയുമായ രമ്യ(33)യെയാണു ജീവനൊടുക്കിയത്. വിഷാദ രോഗത്തിനു ചികിത്സയിലിരിക്കെ വീടിനുള്ളില്‍ തൂങ്ങി മരിക്കുക ആയിരുന്നു.
കഴിഞ്ഞ മാസം 28നാണ് കുഞ്ഞ് രമ്യയുടെ പിടിവിട്ട് നാലാം നിലയില്‍ നിന്നും താഴേക്ക് വീഴുന്നത്. തിരുമുല്ലവയലിലുള്ള വിജിഎൻ സ്റ്റാഫോഡ് അപ്പാർട്‌മെന്റിലെ ബാല്‍ക്കണിയിലാണ് സംഭവം. ഭക്ഷണം കൊടുക്കുന്നതിനിടെ രമ്യയുടെ കയ്യില്‍നിന്നു കുഞ്ഞു താഴേക്കു വീഴുകയായിരുന്നു. ഒന്നാം നിലയുടെ പാരപ്പറ്റിലെ തകിട് ഷീറ്റില്‍ 15 മിനിറ്റിലേറെ തങ്ങിനിന്ന കുഞ്ഞിനെ അയല്‍ക്കാർ ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ, യുവതിക്കെതിരെ അതിരൂക്ഷമായ സൈബർ ആക്രമണമാണുണ്ടായത്. ബന്ധുക്കളും കുറ്റപ്പെടുത്തിയതോടെ രമ്യ മാനസികമായി തളർന്നു.
തുടർന്നു കടുത്ത വിഷാദം നേരിട്ട രമ്യ ചികിത്സയിലായിരുന്നു. രമ്യയും രണ്ട് മക്കളും രണ്ടാഴ്ച മുൻപാണു മേട്ടുപ്പാളയം കാരമടയിലെ സ്വന്തം വീട്ടിലേക്കു മടങ്ങിയെത്തിയത്. ശനിയാഴ്ച വൈകിട്ട് രമ്യയുടെ മാതാപിതാക്കളും ഭർത്താവ് വെങ്കിടേഷും വിവാഹച്ചടങ്ങില്‍ പങ്കെടുത്തു തിരിച്ചുവന്നപ്പോഴാണു മരിച്ച നിലയില്‍ കണ്ടത്. ദമ്പതികള്‍ക്കു പെണ്‍കുഞ്ഞു കൂടാതെ അഞ്ചു വയസ്സുള്ള മകനുമുണ്ട്.