22 May, 2024 10:44:37 AM


പാലക്കാട് ക്വാറിയിലേക്ക് കാൽ തെന്നിവീണ് സഹോദരങ്ങളുടെ മക്കൾ മരിച്ചു



പാലക്കാട്: പാലക്കാട് ക്വാറിയിൽ കാൽ വഴുതി വീണ് സഹോദരങ്ങളുടെ മക്കളായ രണ്ടുപേർ മരിച്ചു. പുലാപ്പറ്റ  കോണിക്കഴി മുണ്ടോളി ചെഞ്ചുരുളി മണികണ്ഠൻ മകൻ മേഘജ് (18), രവീന്ദ്രൻ മകൻ അഭയ് (21) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 10.30 നാണ് സംഭവം. വീടിനടുത്ത്   ക്വറിക്ക് സമീപം സംസാരിച്ച് നടന്നു പോകുന്നതിനിടയിൽ മേഘജ് കാൽ വഴുതി വീഴുകയും രക്ഷിക്കാൻ ശ്രമിച്ച അഭയ് ഒപ്പം വീഴുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.

ഇത് കണ്ട മറ്റൊരു സമീപവാസി ഉടൻ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കോങ്ങാട് അഗ്നിശമന സേനയെത്തി തിരച്ചിൽ നടത്തി ആദ്യം മേഘജിന്റെയും പിന്നീട്12.30 ഓടെ അഭയ് യുടെയും മൃതദേഹം കണ്ടെടുക്കുകയായിരുന്നു. പുലാപ്പറ്റ എം.എൻ.കെ.എം സ്കൂളിൽ നിന്നും ഈവർഷം പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥിയാണ് മേഘജ്. നെഹ്‌റു കോളേജ് രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിയാണ് അഭയ്. ക്വാറിയിൽ 50 അടിയോളം താഴ്ചയിൽ വെള്ളമുണ്ട്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K