22 May, 2024 04:18:46 PM
ചികിത്സയ്‌ക്കായി കൊൽക്കത്തയിൽ എത്തിയ ബംഗ്ലാദേശ് എംപി കൊല്ലപ്പെട്ടു; മൃതദേഹം കണ്ടെത്താനായില്ല
കൊല്‍ക്കത്ത: കാണാതായ ബംഗ്ലാദേശ് എംപി അന്‍വറുള്‍ അസീം കൊല്‍ക്കത്തയില്‍ മരിച്ചതായി പശ്ചിമബംഗാള്‍ പൊലീസ് സ്ഥിരികരിച്ചെന്ന് ബംഗ്ലാദേശ് മന്ത്രി അറിയിച്ചു. ബംഗ്ലാദേശ് ഭരണകക്ഷിയായ അവാമി ലീഗിന്റെ എംപിയായ അന്‍വറുള്‍ അസീം മെയ് 12ന് ചികിത്സയ്ക്കായി കൊല്‍ക്കത്തയില്‍ എത്തിയിരുന്നു. അതിനുപിന്നാലെ അദ്ദേഹത്തെ കാണാതാവുകയായിരുന്നു.
മൂന്നുതവണ എംപിയായ അന്‍വറുള്‍ കൊല്ലപ്പെട്ടതാണെന്നാണ് പൊലീസിന്റെ നിഗമനം. കൊല്‍ക്കത്തയിലെ ന്യൂടൗണ്‍ ഏരിയയിലെ ഫ്‌ലാറ്റില്‍ വച്ച് കൊല്ലപ്പെട്ടതായാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. മെയ് പതിനെട്ടിനാണ് അദ്ദേഹത്തെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്. അവസാനമായി എംപിയുടെ ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തിയത് കൊല്‍ക്കത്തയിലെ ന്യൂ ടൗണ്‍ ഏരിയയ്ക്ക് സമീപത്തായിരുന്നെും പൊലീസ് അറിയിച്ചു.
കൊല്‍ക്കത്തയില്‍ എത്തിയതിന് പിന്നാലെ എംപി സുഹൃത്തായ ഗോപാല്‍ ബിശ്വാസിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. മെയ് 3 ന്, ഡോക്ടറെ കാണാന്‍ പോകുകയാണെന്നും വൈകീട്ട് തിരിച്ചെത്തുമെന്നും സുഹൃത്തിനോട് പറഞ്ഞ് ബിദാന്‍ പാര്‍ക്കിലെ കൊല്‍ക്കത്ത പബ്ലിക് സ്‌കൂളിന് മുന്നില്‍ നിന്ന് അദ്ദേഹം ടാക്‌സിയില്‍ കയറി. പിന്നീട് താന്‍ ഡല്‍ഹിയിലേക്ക് പോകുകയാണെന്നും അവിടെയെത്തിയ ശേഷം വിളിക്കാമെന്നും ഇങ്ങോട്ട് വിളിക്കേണ്ടതില്ലെന്നും ഗോപാലിനെ അറിയിച്ചു.
മെയ് 15ന് താന്‍ ഡല്‍ഹിയിലെത്തിയതായും വിഐപികള്‍ക്കൊപ്പമാണെന്നും തന്നെ ഇങ്ങോട്ട് വിളിക്കേണ്ടതില്ലെന്നും അന്‍വറുള്‍ വാട്‌സാപ്പ് മെസേജ് വഴി ഗോപാലിനെ അറിയിച്ചു. ഇതേ സന്ദേശം തന്റെ പേഴ്‌സണല്‍ അസിസ്റ്റന്റിനും അയക്കുകയും ചെയ്തു. മെയ് പതിനേഴിന് എംപിയുടെ കുടുംബത്തിന് അദ്ദേഹത്തിനെ ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ ഗോപാലിനെ അറിയിച്ചു. അന്നുതന്നെ കുടുംബം ധാക്ക പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
അന്വേഷണത്തിനിടെ, അന്‍വാറുള്‍ അസിമിനെ കൊലപ്പെടുത്തിയത് താനാണെന്ന് ബംഗ്ലാദേശില്‍ ഒരാള്‍ പൊലീസിനോട് സമ്മതിച്ചു. കൊല്‍ക്കത്തയിലെ പൊലീസ് ഉദ്യോഗസ്ഥരെയും അറിയിച്ചു. എന്നാല്‍, എംപിയുടെ മൃതദേഹം ഇതുവരെ ന്യൂടൗണില്‍ നിന്നും കണ്ടെത്താന്‍ ആയിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.