21 December, 2023 11:29:51 AM


യൂത്ത് കോണ്‍ഗ്രസ് സമരത്തില്‍ മൂന്ന് വാഹനങ്ങള്‍ ഉള്‍പ്പെടെ നഷ്ടം രണ്ടരലക്ഷമെന്നു പൊലീസ്


തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സമരത്തില്‍ നഷ്ടം രണ്ടരലക്ഷമെന്നു പൊലീസ്. 2.5 ലക്ഷം രൂപയുടെ പൊലീസ് മുതല്‍ നശിപ്പിച്ചതായാണ് കണക്ക്.  വിവിധ എഫ്.ഐ.ആറുകളില്‍ രജിസ്റ്റര്‍ ചെയ്ത കണക്കാണിത്. നാശനഷ്ടം സംഭവിച്ചത് പൊലീസിന്റെ മൂന്ന് വാഹനങ്ങള്‍ക്കാണ്. ഇതില്‍ പിങ്ക് പൊലീസിന്റെ വാഹനവും ഉള്‍പ്പെടും. ലാത്തിയും ഫൈബര്‍ ഷീല്‍ഡും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ക്കും നാശനഷ്ടമുണ്ടായി. പൊതുമുതല്‍ നശിപ്പിച്ചത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസ് എടുത്തത്.

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പിങ്ക് പൊലീസ് വാഹനം അടിച്ചു തകര്‍ത്തതിനും പൊലീസിനെ ആക്രമിച്ചതിനും പൊലീസ് കേസെടുത്തിരുന്നു സമരവുമായി ബന്ധപ്പെട്ട് മ്യൂസിയം, കണ്ടോണ്‍മെന്റ് സ്‌റ്റേഷനുകളായി രണ്ട് എഫ്‌ഐആര്‍ ആണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 15 പേരെ പ്രതി ചേര്‍ത്ത് പിഡിപിപി ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തത്.

അതേസമയം മാര്‍ച്ചിനിടെ പുരുഷ പൊലീസ് വനിതാ നേതാവിന്റെ വസ്ത്രം വലിച്ചുകീറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചിരുന്നു. ഈ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും സതീശന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K