25 May, 2024 08:57:56 AM
ബഹളംവെച്ച കുട്ടിയെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി: 10 വയസുകാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍

കാസര്‍കോട്: പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുടക് നാപ്പോകിലെ പി എ സലീം ആണ് അറസ്റ്റിലായത്. ആന്ധ്രയിലെ അഡോണിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചു. മോഷണമായിരുന്നു ലക്ഷ്യമെന്നാണ് പ്രതി മൊഴി നൽകിയത്.
കമ്മല്‍ മോഷ്ടിക്കുന്നതിനിടെ കുട്ടി ഉണരും എന്ന് കരുതിയാണ് തട്ടിക്കൊണ്ടുപോയത്. ബഹളം വെച്ച കുട്ടിയെ കൊന്നുകളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. സംഭവശേഷം വഴിയിൽ മദ്യപിച്ച് കിടന്ന ആളുടെ ഫോണിൽ നിന്ന് ഇയാൾ വീട്ടിലേക്ക് വിളിച്ചിരുന്നു. കർണാടകയിലുള്ള പെൺസുഹൃത്തിന്റെ അടുത്തേക്ക് പോകാനായിരുന്നു സലീമിന്റെ പദ്ധതി.
കഴിഞ്ഞ 15ന് കാഞ്ഞങ്ങാട് വീട്ടില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നതാണ് കേസ്. കുടക് സ്വദേശിയായ 35 വയസുകാരന്‍ പി എ സലീമാണ് ഇതിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ കാലങ്ങളായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തത് മൂലം പ്രതിയിലേക്ക് എത്താന്‍ പൊലീസ് ഏറെ ബുദ്ധിമുട്ടി. കാഞ്ഞങ്ങാട്ട് ആയിരിക്കുമ്പോള്‍ ഭാര്യയുടെയും കുടകില്‍ വീട്ടില്‍ താമസിക്കുമ്പോള്‍ അമ്മയുടെയും ഫോണാണ് പ്രതി ഉപയോഗിച്ചിരുന്നത്.
ഭാര്യയെ മറ്റൊരാളുടെ ഫോണില്‍ നിന്ന് പ്രതി വിളിച്ചതാണ് കേസില്‍ വഴിത്തിരിവായത്. തുടര്‍ന്ന് ലൊക്കേഷന്‍ മനസിലാക്കിയ പൊലീസ് പ്രതിയെ ആന്ധ്രാപ്രദേശില്‍ നിന്ന് പിടികൂടുകയായിരുന്നു. പ്രതി വിചിത്ര സ്വഭാവക്കാരനാണ് എന്നാണ് പൊലീസ് പറയുന്നത്. ഒരു സീസണില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുകയും തുടര്‍ന്ന് മാന്യനായി പെരുമാറുകയുമാണ് പ്രതിയുടെ സ്വഭാവം. ഇയാളുടെ പേരില്‍ പോക്‌സോ,പിടിച്ചുപറി ഉള്‍പ്പെടെ വിവിധ കേസുകള്‍ ഉണ്ടെന്നും പൊലീസ് പറയുന്നു.