25 May, 2024 09:17:22 AM
ആക്രി കച്ചവടത്തിന്‍റെ മറവില്‍ കോടികളുടെ നികുതി വെട്ടിപ്പ്; ഒരാള്‍ അറസ്റ്റില്‍
തിരുവനന്തപുരം: ആക്രി കച്ചവടത്തിന്‍റെ മറവില്‍ കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സന്ദീപ് സതി സുധ എന്നയാളാണ് പിടിയിലായത്. ആക്രി വ്യാപാരവുമായി ബന്ധമില്ലാത്തവരുടെ പേരില്‍ ജിഎസ്ടി രജിസ്ട്രേഷന്‍ എടുത്തായിരുന്നു തട്ടിപ്പ്. ഇതുവഴി സര്‍ക്കാരിന് 180 കോടിയുടെ നഷ്ടമാണുണ്ടായത്. ഏഴ് ജില്ലകളിലാണ് ഓപ്പറേഷന്‍ പാം ട്രീ എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ തട്ടിപ്പ് കണ്ടെത്തിയത്. ഇത്തരം സംഘങ്ങള്‍ക്കെതിരായ അന്വേഷണവും നടപടികളും ശക്തമായി തുടരുമെന്ന് സംസ്ഥാന ജിഎസ്ടി കമ്മീഷണര്‍ അറിയിച്ചു.
സംസ്ഥാനത്ത് ആക്രി, സ്റ്റീല്‍ വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ കോടികളുടെ നികുതി വെട്ടിപ്പ് നേരത്തെ തന്നെ സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച നടത്തിയ സംസ്ഥാനത്തെ 148 കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ 1170 കോടി രൂപയുടെ വ്യാജ ഇടപാടാണ് കണ്ടെത്തിയത്. ആകെയുണ്ടായത് 209 കോടിയുടെ നികുതി നഷ്ടമെന്നും വിലയിരുത്തിയിരുന്നു. ഷെൽ കമ്പനികൾ ഉണ്ടാക്കി നികുതി വെട്ടിക്കുന്നെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു പരിശോധന നടത്തിയത്. കേരളത്തിൽ ഈ മേഖലയിൽ നടത്തിയ ഏറ്റവും വലിയ ഓപ്പറേഷനാണിത്.