25 May, 2024 09:20:18 AM


ഉപയോഗം കുറഞ്ഞു: കേരളം പഞ്ചാബിന് വൈദ്യുതി നല്‍കും; 2025ല്‍ തിരികെ വാങ്ങും



തിരുവനന്തപുരം: കെഎസ്ഇബി മുന്‍കരുതലിലൂടെ ടെന്‍ഡര്‍ വഴി നേടിയ വൈദ്യുതി പഞ്ചാബ് സ്റ്റേറ്റ് പവര്‍ കോര്‍പ്പറേഷന് നല്‍കാന്‍ തീരുമാനമായി. വേനല്‍ മഴയെത്തുടര്‍ന്ന് വൈദ്യുതി ഉപയോഗത്തില്‍ കുറവുണ്ടായതിനാലാണ് ടെന്‍ഡര്‍ വഴി നേടിയ വൈദ്യുതിയില്‍ മിച്ചമുണ്ടായത്. ഇത് സംബന്ധിച്ച് ഇരുസ്ഥാപനങ്ങളും കരാറിലേര്‍പ്പെട്ടു. ഇന്നു മുതല്‍ മേയ് 31 വരെയുള്ള ദിവസങ്ങളിലാണ് കേരളം പഞ്ചാബിന് വൈദ്യുതി നല്‍കുക.

24 മണിക്കൂറും 300 മെഗാവാട്ടും പുലര്‍ച്ചെ മൂന്ന് മുതല്‍ വൈകിട്ട് ആറ് വരെ 150 മെഗാവാട്ടുമാണ് നല്‍കുന്നത്. ഇങ്ങനെ കൊടുക്കുന്ന വൈദ്യുതി കേരളത്തിന് ഏറ്റവും കൂടുതല്‍ ആവശ്യം വരുന്ന ഏപ്രില്‍ മാസത്തില്‍ കെഎസ്ഇബിക്ക് തിരികെ നല്‍കുമെന്ന വ്യവസ്ഥയിലാണ് കൈമാറ്റം ചെയ്യുന്നത്. കേരളം നല്‍കുന്ന വൈദ്യുതിക്ക് അഞ്ച് ശതമാനം അധികമായി പഞ്ചാബ് തിരികെ നല്‍കണം.

കേരളത്തിന് കൂടുതല്‍ വൈദ്യുതി ആവശ്യം വരുന്ന രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ രണ്ട് വരെ 155 മെഗാവാട്ടും പുലര്‍ച്ചെ രണ്ട് മുതല്‍ രാത്രി എട്ട് വരെ 95 മെഗാവാട്ടുമാണ് പഞ്ചാബ് തിരികെ നല്‍കുക. 2025 ഏപ്രില്‍ ഒന്ന് മുതല്‍ 30 വരെയുള്ള കാലയളവില്‍ വൈദ്യുതി തിരികെ ലഭിക്കും.

മെയ് മാസത്തില്‍ നേരിയതോതില്‍ മഴ ലഭിക്കുമെന്നും അതിനുശേഷം ജൂണ്‍ 17 മുതല്‍ മാത്രം മെച്ചപ്പെട്ട മഴ ലഭിക്കുമെന്നുമായിരുന്നു കെഎസ്ഇബി നിഗമനം. അതിനാല്‍ മെയ് മാസത്തെ വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനായി വിവിധ കരാറുകളില്‍ കെഎസ്ഇബി ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ കാലാവസ്ഥ പ്രവചനങ്ങള്‍ക്ക് അതീതമായി മെയ് ആദ്യ ആഴ്ചയ്ക്കു ശേഷം സംസ്ഥാനത്തുടനീളം വ്യാപകമായ രീതിയില്‍ വേനല്‍ മഴ ഉണ്ടായി. വൈദ്യുതിയുടെ ആവശ്യകതയില്‍ 2000 മെഗാവാട്ട് കുറവ് രേഖപ്പെടുത്തി. ഈ സാഹചര്യത്തിലാണ് വൈദ്യുതി കൈമാറ്റ കരാറില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K