25 May, 2024 06:19:09 PM
തമിഴ്‌നാട്ടിൽ ഒന്‍പതുവയസുകാരൻ കുത്തേറ്റ് മരിച്ചു; ബിഹാർ സ്വദേശിയായ 13 കാരൻ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ മധുരയില്‍ ഒന്‍പതുവയസുകാരനെ പതിമൂന്നുകാരന്‍ കുത്തിക്കൊന്നു. സ്വകാര്യ ഉറുദുപഠനകേന്ദ്രത്തിലാണ് സംഭവം. വാക്കുതര്‍ക്കത്തിനിടെ കത്തികൊണ്ട് കുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം അഴുക്കുചാലില്‍ ഉപേക്ഷിക്കുകയും ചെയ്തു. ബിഹാര്‍ സ്വദേശികള്‍ പഠിക്കുന്ന സ്ഥാപനത്തിലാണ് സംഭവം.
ബിഹാര്‍ സ്വദേശികളായ പതിമൂന്ന് വിദ്യാര്‍ഥികളാണ് ഇവിടെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്നത്. ഒന്‍പതുവയസുകരാനായ ഷാനവാസും 13കാരനും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കം രൂക്ഷമായതോടെ അടുക്കളിലെ കത്തി ഉപയോഗിച്ച് ഷാനവാസിനെ കുത്തുകയായിരുന്നു.
ആഴത്തില്‍ കുത്തേറ്റ ഷാനവാസ് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. കുട്ടിയുടെ മൃതദേഹം ആരും കാണാതിരിക്കാന്‍ സമീപത്തെ ഓടയില്‍ ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയെ കാണാതിരുന്നതിനെ തുടര്‍ന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് പലയിടത്തും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലിസില്‍ പരാതി നല്‍കി.
പൊലീസ് സ്ഥലത്തെത്തി ഹോസ്റ്റല്‍ പരിശോധിച്ചപ്പോള്‍ 13കാരന്റെ പെരുമാറ്റത്തില്‍ സംശയം തോന്നി. പിന്നാലെ പൊലീസ് വിദ്യാര്‍ഥിയെ ചോദ്യം ചെയ്തപ്പോള്‍ നടന്ന കാര്യം തുറന്നുപറയുകയായിരുന്നു. ഓടയില്‍ നിന്ന് ഷാനവാസിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായും കുട്ടിയെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു.