27 May, 2024 05:36:00 PM


വളര്‍ത്തുനായ കടിച്ചതിന് സ്വയം ചികിത്സ; ഹോമിയോ ഡോക്ടര്‍ വീട്ടില്‍ മരിച്ച നിലയില്‍



പാലക്കാട്: ഹോമിയോ ഡോക്ടറായ യുവതി വീട്ടില്‍ മരിച്ച നിലയില്‍. പാലക്കാട് കുമരംപുത്തൂര്‍ പള്ളിക്കുന്ന് സ്വദേശിനി റംലത്ത് ആണ് മരിച്ചത്. 40 വയസായിരുന്നു. പേവിഷബാധയേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ടുമാസം മുന്‍പ് വളര്‍ത്തുനായ യുവതിയെ കടിച്ചിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രണ്ടുദിവസം മുന്‍പ് ഇവര്‍ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് അട്ടപ്പാടി ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍നിന്ന് ജില്ലാ ആശുപത്രിയിലേക്കും ഇവിടെനിന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും റഫര്‍ ചെയ്തിരുന്നു.

ചികിത്സയിലിരിക്കെ ആശുപത്രി അധികൃതരുടെ അനുമതിയില്ലാതെ ഞായറാഴ്ച രാത്രി ഭര്‍ത്താവിനൊപ്പം ഇവര്‍ വീട്ടിലെത്തിയിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചനിലയില്‍ കണ്ടത്. നായ കടിച്ചതിന് പിന്നാലെ ഇവര്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ലെന്നാണ് അറിയാന്‍കഴിഞ്ഞതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചാലേ മരണം പേവിഷബാധയേറ്റാണോ എന്ന കാര്യത്തില്‍ വ്യക്തതവരുത്താനാവൂ എന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K