28 May, 2024 06:19:23 PM


കളമശ്ശേരിയിലുണ്ടായത് മേഘവിസ്ഫോടനമാകാമെന്ന് വിദഗ്ധർ; ഒരു മണിക്കൂറിൽ പെയ്തത് 98.4 മില്ലീമീറ്റർ മഴ



കൊച്ചി: കളമശ്ശേരിയില്‍ ഇന്ന് രാവിലെയുണ്ടായത് അതിശക്തമായ മഴ. ചുരുങ്ങിയ സമയത്തില്‍ പെയ്ത ശക്തമായ മഴയ്ക്ക് കാരണം മേഘവിസ്‌ഫോടനമെന്ന് സംശയം. കൊച്ചിയില്‍ രാവിലെ 9.10 മുതല്‍ 10.10 വരെ മാത്രം പെയ്തത് 100 മില്ലി മീറ്റര്‍ മഴയാണ്. 11 മണി മുതല്‍ 12 മണി വരെ 98.4 മില്ലി മീറ്റര്‍ മഴയും ലഭിച്ചു. കുസാറ്റിലെ മഴമാപിനിയിലാണ് തീവ്രത രേഖപ്പെടുത്തിയത്. കൊച്ചിയിലേത് മേഘ വിസ്‌ഫോടനമാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ലെന്ന് കുസാറ്റ് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇതേ തീവ്രതയില്‍ മഴ രണ്ട് ദിവസം കൂടി തുടര്‍ന്നേക്കുമെന്ന് സംസ്ഥാന കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നുണ്ട്. നിലവിലെ മഴ കാലവര്‍ഷത്തിന്റെ ഭാഗമല്ല. വടക്ക് പടിഞ്ഞാറന്‍ കാറ്റാണ് നിലവിലെ കനത്ത മഴയ്ക്ക് കാരണം. അറബിക്കടലില്‍ മഴമേഘങ്ങളുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.

അതേസമയം രാവിലെ പെയ്ത മഴയില്‍ കൊച്ചിയില്‍ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. ഗതാഗതക്കുരുക്കും രൂക്ഷമാണ്. എംജി റോഡ്, ഇന്‍ഫോ പാര്‍ക്ക് തുടങ്ങിയ ഇടങ്ങളിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. കാക്കനാട് വാഴക്കാല മാര്‍ക്കറ്റ് വെള്ളത്തില്‍ മുങ്ങി. മാര്‍ക്കറ്റില്‍ മീന്‍, മാംസം, പച്ചക്കറികള്‍ തുടങ്ങിയവ വെള്ളത്തില്‍ നശിച്ചു.

ആലുവ-ഇടപ്പള്ളി റോഡിലും സഹോദരന്‍ അയ്യപ്പന്‍ റോഡിലും വെള്ളക്കെട്ട് രൂക്ഷമാണ്. വൈറ്റില, കളമശ്ശേരി, പാലാരിവട്ടം എന്നിവിടങ്ങളില്‍ ഗതാഗത കുരുക്ക് രൂപപ്പെട്ടിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചിയില്‍ കെഎസ്ആര്‍ടിസി ബസിന് മുകളില്‍ മരം വീണു. ആര്‍ക്കും പരിക്കില്ല.

അങ്കമാലി ടൗണിലെ വിവിധ പ്രദേശങ്ങളിലും വെള്ളം കയറി. അങ്ങാടിക്കടവ് ജംഗ്ഷനില്‍ ക്യാമ്പ് ഷെഡ് റോഡില്‍ കനത്ത വെള്ളക്കെട്ടാണ്. റോഡരികില്‍ പാര്‍ക്ക് ചെയ്ത ഇരുചക്ര വാഹനങ്ങള്‍ ഒഴുകിപ്പോയി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലും വെള്ളക്കെട്ട് രൂപപ്പെട്ടു.

സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ മണ്‍സൂണ്‍ പ്രവചന പ്രകാരം ഇത്തവണ സംസ്ഥാനത്ത് കാലവര്‍ഷ സീസണില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ജൂണ്‍ മാസത്തിലും കേരളത്തില്‍ സാധാരണ ലഭിക്കുന്ന മഴയേക്കാള്‍ കൂടുതല്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും; പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K