29 May, 2024 11:53:47 AM


ഗെയിമിങ്ങ് സോണിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ ടിആര്‍പി ഉടമയും



ഗാന്ധിനഗര്‍: ഗുജറാത്തിലെ രാജ്‌കോട്ടിലെ ഗെയിമിങ്ങ് സോണിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ ടിആര്‍പി ഉടമയും. രാജ്കോട്ടിലെ ടിആര്‍പി ഗെയിം സോണിന്റെ ഉടമകളിലൊരാളായ പ്രകാശ് ഹിരണാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രകാശ് ഹിരണിനെ കാണാനില്ലെന്ന് പ്രകാശിന്റെ സഹോദരന്‍ ജിതേന്ദ്ര ഹിരണ്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ തീപിടിത്ത സമയത്തെ സിസിടിവി ദൃശ്യങ്ങളില്‍ പ്രകാശ് ഹിരണ്‍ ഗെയിമിംഗ് സോണിലുണ്ടായതായി കണ്ടെത്തിയിരുന്നു. പ്രകാശിന്റെ കാര്‍ തീപിടിത്തമുണ്ടായ സ്ഥലത്ത് നിന്നും പൊലീസ് കണ്ടെത്തി.

തീപിടുത്തം ഉണ്ടായത്തിന് ശേഷം പ്രകാശുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ലെന്നും എല്ലാ ഫോണ്‍ നമ്പറുകളും സ്വിച്ച് ഓഫ് ആയിരുന്നുവെന്നും സഹോദരന്‍ ജിതേന്ദ്ര ഹിരണ്‍ പൊലീസിനോട് പറഞ്ഞിരുന്നത്. സഹോദരന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച അവശിഷ്ടങ്ങളില്‍ നിന്ന് എടുത്ത സാമ്പിളുകള്‍ പ്രകാശിന്റെ അമ്മയുടെ ഡിഎന്‍എയുമായി പൊരുത്തപ്പെട്ടു. അതിനെ തുടര്‍ന്നാണ് മരിച്ചത് പ്രകാശ് ഹിരണാണെന്ന് അധികൃതര്‍ സ്ഥിരീകരിക്കുകയായിരുന്നു.

ഗെയിം സോണിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് ഹിരണ്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ടിആര്‍പി ഗെയിം സോണ്‍ നടത്തിയ ധവല്‍ കോര്‍പ്പറേഷന്റെ പ്രൊപ്രൈറ്റര്‍ ധവല്‍ തക്കറെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ റേസ്വേ എന്റര്‍പ്രൈസസിന്റെ ബിസിനസ് പങ്കാളികളായ യുവരാജ്സിംഗ് സോളങ്കി, രാഹുല്‍ റാത്തോഡ്, ഗെയിം സോണ്‍ മാനേജര്‍ നിതിന്‍ ജെയിന്‍ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ശനിയാഴ്ച രാജ്കോട്ടിലെ ഗെയിം സോണിലുണ്ടായ തീപിടിത്തത്തില്‍ 27 പേരാണ് മരിച്ചത്. തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ഗുജറാത്ത് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ടിആര്‍പി ഗെയിം സോണിലെ താല്‍ക്കാലിക കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീപ്പിടിത്തം ദാരുണസംഭവമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും സംഭവം വേദനാജനകമെന്ന് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K