29 May, 2024 05:25:49 PM
കരണ്‍ ഭൂഷന്‍ സിങ്ങിന്‍റെ അകമ്പടി വാഹനമിടിച്ച് അപകടം; 2 പേർക്ക് ദാരുണാന്ത്യം
ലഖ്‌നൗ: എംപി ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ മകന്‍ ബിജെപി സ്ഥാനാര്‍ഥി കരണ്‍ ഭൂഷ് സിങ്ങിന്റെ അകമ്പടി വാഹനമിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ബൈക്ക് യാത്രികരായ ഷെഹ്സാദ് ഖാന്‍ (24), റെഹാന്‍ ഖാന്‍ (19) എന്നിവരാണ് മരിച്ചത്. വാഹനം പിടിച്ചെടുത്തതായും ഡ്രൈവറെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തിയതായി എഎസ്പി രാധേ ശ്യാം റായ് പറഞ്ഞു. കുടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായില്ല.
ഇന്ന് രാവിലെ കരണ്‍ സിങ്ങിന്റെ വാഹനവ്യൂഹം കര്‍ണാല്‍ഗഞ്ചിലൂടെ കടന്നുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. വാഹനവ്യൂഹത്തില്‍ നാല് വാഹനങ്ങളാണ് ഉണ്ടായിരുന്നത്. മൂന്ന് വാഹനങ്ങള്‍ റെയില്‍വേ ക്രോസ് കടന്നപ്പോള്‍, നാലാമത്തേത് ഗേറ്റില്‍ കുടുങ്ങി. ട്രെയിന്‍ കടന്നുപോയ ശേഷം മറ്റുവാഹനങ്ങള്‍ക്കൊപ്പമെത്താനായി എസ് യുവി അമിത വേഗതിയില്‍ പോകുന്നതിനിടെ എതിരെ വന്ന മോട്ടോര്‍ സൈക്കിളില്‍ എസ് യുവി ഇടിക്കുകയായിരുന്നു.