31 May, 2024 09:15:50 AM


കടലിൽ കുടുങ്ങിയ ബോട്ട് കരക്കെത്തിച്ചു; മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തി



കണ്ണൂര്‍: ബോട്ടില്‍ കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. കോസ്റ്റല്‍ പൊലീസും മറ്റു മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് ബോട്ടിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത്. മാഹിയില്‍ നിന്നും 10 നോട്ടിക്കല്‍ മൈല്‍ അകലെയാണ് രക്ഷാപ്രവര്‍ത്തനം നടന്നത്.

കാഞ്ഞങ്ങാട് നിന്ന് താനൂരിലേക്ക് പോകുന്ന ബോട്ടാണ് തലശ്ശേരിയിൽ കടലിൽ കുടുങ്ങിയത്. മത്സ്യബന്ധന ബോട്ടില്‍ പോയാണ് കോസ്റ്റല്‍ പൊലീസ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മത്സ്യബന്ധന തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി. മലപ്പുറം സ്വദേശികളായ നൗഫല്‍, ജലാല്‍ എന്നിവരായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. ഇരുവരെയും ചികിത്സയ്ക്കായി തലശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആദ്യം ഹെലികോപ്റ്റര്‍ ഉപയോഗിച്ച് എയര്‍ ലിഫ്റ്റിങിന് ശ്രമിച്ചെങ്കിലും ശക്തമായ കാറ്റുള്ളതിനാല്‍ സാധിച്ചിരുന്നില്ല. റെസ്‌ക്യൂ ബോട്ടുകള്‍ക്കും ഇവരുടെ സമീപം എത്താനായില്ല. തുടര്‍ന്നാണ് മത്സ്യബന്ധന ബോട്ട് ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നീലേശ്വരത്ത് നിന്ന് താനൂരേയ്ക്ക് പോവുകയായിരുന്ന ബോട്ടാണ് യന്ത്ര തകരാര്‍ മൂലം കടലില്‍ കുടുങ്ങിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K