31 May, 2024 09:39:08 AM


ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടി; ഇൻസ്‌പെക്ടർക്കും എസ്ഐക്കും സസ്പെൻഷൻ



മലപ്പുറം: വളാഞ്ചേരിയിൽ ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ വളാഞ്ചേരി ഇൻസ്‌പെക്ടർ സുനിൽ ദാസിനും എസ് ഐ ബിന്ദുലാലിനും സസ്‌പെൻഷൻ. ഉത്തര മേഖല ഐ ജി കെ സേതുരാമനാണ് ഇരുവരെയും സസ്‌പെൻഡ് ചെയ്തത്. മലപ്പുറം എസ് പി യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ എസ് ഐ ഇന്നലെ അറസ്റ്റിലായിരുന്നു. ഇൻസ്‌പെക്ടർ സുനിൽദാസ് ഒളിവിലാണ്.

ജയിലിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി ക്വാറി ഉടമയില്‍ നിന്നും എസ് ഐയും ഇന്‍സ്പെക്ടറും ചേര്‍ന്ന് ഇടനിലക്കാരന്‍ മുഖേന 18 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇടനിലക്കാരൻ നാല് ലക്ഷം രൂപയാണ് ക്വാറി ഉടമയിൽ നിന്നും തട്ടിയത്. തുടര്‍ന്ന് എസ് ഐ ബിന്ദുലാലിനേയും ഇടനിലക്കാരന്‍ അസൈനാരേയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ സുനില്‍ദാസിനെ  കണ്ടെത്താന്‍ ക്രൈം ബ്രാഞ്ച് ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

വളാഞ്ചേരി സ്വദേശിയുടെ ക്വാറിയിൽ നിന്നും മാർച്ചിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയിരുന്നു. ഈ കേസിൽ ഇയാളെ ജയിലിൽ അടക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പൊലീസുകാർ പണം തട്ടിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 384 , 120 ബി , 34,  കെ പി എ 115 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K