31 May, 2024 11:38:24 AM
യാത്രക്കാരെ ഭയപ്പെടുത്തുന്ന രീതിയിൽ ബസ് ഓടിക്കരുത്; കെഎസ്ആർടിസി ഡ്രൈവർമാരോട് മന്ത്രി
തിരുവനന്തപുരം: സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശങ്ങളുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. സ്വകാര്യ ബസുകളുമായി മത്സരയോട്ടം വേണ്ടെന്നും അമിത വേഗം വേണ്ടെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ സോഷ്യല്‍ മീഡിയ പേജിലൂടെ എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ടെന്ന പേരിലിറക്കിയ വീഡിയോയിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറയുന്നത്.
ഇരുചക്രവാഹനയാത്രക്കാരുമായും മത്സരിക്കണ്ട. യാത്രക്കാരെ ഭയപ്പെടുത്തുന്ന രീതിയില്‍ ബസ് ഓടിക്കരുത്. അമിതവേഗവും വേണ്ട. സമയപ്രകം പാലിക്കാൻ ശ്രദ്ധിക്കണമെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു. ബ്രീത്ത് അനലൈസര്‍ പരിശോധന തുടങ്ങിയതോടെ കെഎസ്ആര്‍ടിസിയിലെ അപകടങ്ങള്‍ കുറഞ്ഞു. അപകട നിരക്കും മരണ നിരക്കും കുറയ്ക്കാനായി. റോഡിന്‍റെ ഇടത് വശത്ത് തന്നെ ബസ് നിര്‍ത്തണം.
എതിരെ വരുന്ന ബസുമായി സമാന്തരമായി നിര്‍ത്തരുത്. കൈകാണിച്ചാല്‍ ബസ് നിര്‍ത്തണമെന്നും ഡീസല്‍ ലാഭിക്കുന്ന തരത്തില്‍ ബസ് ഓടിക്കണമെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു. നമ്മുടെ റോഡിന്‍റെ പരിമിതികള്‍ പരിഗണിച്ചും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സ്കൂട്ടര്‍ യാത്രക്കാരെ പരിഗണിച്ചുമായിരിക്കണം റോഡിലൂടെ ബസ് ഓടിക്കേണ്ടതെന്നും കെബി ഗണേഷ് കുമാര്‍ വീഡിയോയില്‍ പറയുന്നുണ്ട്.