31 May, 2024 04:57:30 PM
'ഇവർ എത്ര നാൾ ജയിലിൽ ഇടുമെന്ന് അറിയില്ല'; വൈകാരികമായി അരവിന്ദ് കെജ്രിവാള്‍
ന്യൂഡല്‍ഹി: ജയിലിലേക്ക് മടങ്ങും മുമ്പ് വൈകാരികമായി അരവിന്ദ് കെജ്രിവാള്‍. ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും. എത്ര നാള്‍ ഇവര്‍ ജയിലില്‍ ഇടുമെന്ന് അറിയില്ല. വൈകീട്ട് മൂന്ന് മണിക്ക് തിഹാര്‍ ജയിലിലേക്ക് മടങ്ങും. ഇനി നിങ്ങള്‍ക്കൊപ്പം ഉണ്ടാകില്ലെങ്കിലും നിങ്ങള്‍ക്ക് മരുന്ന്, വൈദ്യുതി, ചികിത്സ തുടങ്ങിയവ ഉറപ്പാക്കും. തന്റെ കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം. തന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിന് എതിരായ പോരാട്ടം തുടരണമെന്നും കെജ്രിവാള്‍ പറഞ്ഞു.
ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21നാണ് അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. പിന്നീട് സുപ്രീം കോടതിയില്‍ നിന്ന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ചു. കെജ്രിവാളിന് ജാമ്യം നല്‍കരുതെന്ന ഇഡിയുടെ വാദത്തിനേറ്റ തിരിച്ചടിയായിരുന്നു കോടതി വിധി.
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ ജൂണ്‍ ഒന്ന് വരെ ഇടക്കാല ജാമ്യം ലഭിച്ച കെജ്രിവാള്‍ ജൂണ്‍ രണ്ടിന് തീഹാര്‍ ജയിലിലേക്ക് മടങ്ങണം. മാക്സ് ആശുപത്രിയിലെ മെഡിക്കല്‍ സംഘം ഇതിനകം പ്രാഥമിക പരിശോധനകള്‍ നടത്തിയിട്ടുണ്ട്. തുടര്‍ പരിശോധന അനിവാര്യമാണെന്നും സാഹചര്യം പരിഗണിച്ച് കോടതി ഇടക്കാലജാമ്യം നീട്ടിനല്‍കണമെന്നും അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.