05 June, 2024 08:47:51 AM


ആലപ്പുഴയില്‍ വലത് ഇടത് മുന്നണികളിലെ വോട്ട് ചോർച്ച ചർച്ചയാകുന്നു



ആലപ്പുഴ: ആലപ്പുഴയില്‍ വലത് ഇടത് മുന്നണികളിലെ വോട്ട് ചോർച്ച ചർച്ചയാകുന്നു. എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ നേടിയ 299648 വോട്ടുകളാണ് വോട്ട്ചോർച്ചയെപ്പറ്റിയുളള ചർച്ചയ്ക്ക് വഴിമരുന്നിട്ടിരിക്കുന്നത്. പാർട്ടിയുടെ അനുഭാവികളുടെ വോട്ടുകള്‍ക്കൊപ്പം കേഡർ വോട്ടുകളും ചോർന്നുവെന്നാണ് സി.പി.എമ്മിൻെറ സംശയം.

വോട്ട് ചോർച്ച പരിശോധിക്കണമെന്ന് ആവശ്യമുയരുന്നതിനാല്‍ എന്തുവേണമെന്ന ആലോചനയിലാണ് ജില്ലാ നേതൃത്വം. ഹരിപ്പാട്ടും കായംകുളത്തും ഇടത് മുന്നണി മൂന്നാം സ്ഥാനത്തായതും സി.പി.എമ്മിന് നാണക്കേടായി. രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട്ട് കെ.സി.വേണുഗോപാലിൻെറ ഭൂരിപക്ഷം 1345 വോട്ടായി കുറഞ്ഞത് കോണ്‍ഗ്രസിലും ചർച്ചയായി കഴിഞ്ഞു. 

എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ നേടിയ 299648 വോട്ട് കഴിഞ്ഞ തവണ ബി.ജെ.പി നേടിയതിനേക്കാള്‍ 111919 വോട്ട് കൂടുതലാണ്.ഇതിൻെറ ഉറവിടം തേടിയാണ് ചർച്ച കൊഴുക്കുന്നത്. 63513 വോട്ടിൻെറ ഭൂരിപക്ഷത്തില്‍ കെ.സി.വേണു ഗോപാല്‍ വിജയിച്ചതിനാല്‍ ശോഭ നേടിയ വോട്ടുകളില്‍ ഏറിയ പങ്കും ഇടത് വോട്ടാണ്. ഈ ചോർച്ചയുടെ ഞെട്ടലിലാണ് എല്‍.ഡി.എഫും സി.പി.എമ്മും.ശോഭ നേടിയ മൂന്നു ലക്ഷത്തോളം വോട്ടില്‍ തങ്ങളുടെ കൂട്ടത്തില്‍ നിന്നുള്ള വോട്ട് എത്രയെന്ന അന്വേഷണമാണ് സി.പി.എമ്മിലെ ചർച്ചകളില്‍ കാണുന്നത്.

യു ഡി എഫിന് നഷ്ടമായ വോട്ടിനേക്കാള്‍ എത്രയോ ഇരട്ടിയാണ് എല്‍.ഡി,എഫിന് കിട്ടാതെ പോയത്.

കഴിഞ്ഞ തവണ യുഡിഎഫിന് നഷ്ടമായ വോട്ടുകളില്‍ 90 ശതമാനവും ഇത്തവണ തിരികെ കിട്ടി. എന്നാല്‍ LDF വോട്ട് ബാങ്കിലെ വിള്ളല്‍ ഞെട്ടിപ്പിക്കുന്നതാണ്. സി.പി.എം സ്വാധീന മേഖലകളിലെ കേഡർ വോട്ടുകള്‍ അടക്കം നഷ്ടമായി. അതൃപ്തരായ സിപിഎം പ്രവർത്തകരുടെ വോട്ടുകള്‍ വൻ തോതില്‍ ചോർന്നത് കെ.സി. വേണുഗോപാലിന് ഗുണകരമായി ഭവിച്ചു.

ആലപ്പുഴയില്‍ കെ.സി വേണുഗോപാലിന് ലഭിച്ച18418 വോട്ടിൻെറ ഭൂരിപക്ഷവും, ചേർത്തലയില്‍ ലഭിച്ച 843 വോട്ടിൻെറ ഭൂരിപക്ഷവും ഇതിൻെറ തെളിവാണ്. ആലപ്പുഴ നിയമസഭാ മണ്ഡലത്തില്‍ 2019ല്‍ ഷാനിമോള്‍ ഉസ്മാന് 69 വോട്ടായിരുന്നു ഭൂരിപക്ഷം. 

കഴിഞ്ഞ തവണ ചേർത്തലയില്‍ എ.എം ആരിഫ് 16, 440 വോട്ട് ലീഡ് നേടിയതാണ്.അവിടെ നിന്നാണ് ഈ കൂപ്പുകുത്തല്‍. ഒരിക്കലും നഷ്ടമാകില്ലെന്ന് സി.പി.എം നേതൃത്വം ഉറച്ച്‌ വിശ്വസിച്ച ചില മേഖലകളില്‍ ബി.ജെ.പി സ്ഥാനാർത്ഥി ലീഡ് ചെയ്തു. അമ്ബലപ്പുഴ മണ്ഡലത്തിലെ പുന്നപ്ര - പറവൂർ തീരമേഖലകളില്‍ ശോഭാ സുരേന്ദ്രൻ നേട്ടം ഉണ്ടാക്കി.
മൊത്തം വോട്ടുനില പരിശോധിക്കുമ്ബോള്‍ ശോഭ സുരേന്ദ്രനും എ.എം.ആരിഫും തമ്മിലുള്ള വ്യത്യാസം 39,755 വോട്ട് മാത്രമാണ് . പ്രതീക്ഷിച്ച വോട്ട് കിട്ടാതെ പോയത് പാർട്ടി പരിശോധിക്കുമെന്ന് സി.പി.എം നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K