05 June, 2024 06:46:04 PM
സ്ഥാനാര്‍ഥി നിര്‍ണയം പാളി; പത്തനംതിട്ട സിപിഎമ്മില്‍ പരസ്യ പ്രതിഷേധം
പത്തനംതിട്ട: കനത്ത തോല്‍വിക്ക് പിന്നാലെ പത്തനംതിട്ട സിപിഎമ്മില്‍ പരസ്യ പ്രതിഷേധം. സ്ഥാനാർഥി നിർണയം പാളിയെന്ന സൂചന നല്‍കി ഏരിയ കമ്മിറ്റി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത് പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാമിന്റെ ചിത്രം വെച്ചാണ് ഏരിയ കമ്മിറ്റി അംഗമായ അൻസാരി അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 'വീട്ടില്‍ സ്വർണ്ണം വെച്ചിട്ട് എന്തിന് നാട്ടില്‍ തേടി നടപ്പൂ'- എന്നായിരുന്നു പോസ്റ്റ്. എന്നാല്‍ തോല്‍വിക്ക് പിന്നാലെ ഇട്ട പോസ്റ്റ് വിവാദമായതോടെ അൻസാരി അസീസ് ഡിലീറ്റ് ചെയ്യുകയായിരുന്നു.
പത്തനംതിട്ടയില്‍ 66,119 വോട്ടിൻറെ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് സ്ഥാനാർത്ഥി ആൻറോ ആൻററണി വിജയം നേടിയത്. എല്‍ഡിഎഫ് സ്ഥാനാർത്ഥി ഡോ. തോമസ് ഐസക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ ബിജെപി സ്ഥാനാർത്ഥിയായ അനില്‍ ആൻറണിക്ക് കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിക്കാനായില്ല. 3,67623 വോട്ടുകളാണ് ആൻറോ ആൻറണി നേടിയത്. 3,01504 വോട്ടുകള്‍ തോമസ് ഐസക് നേടിയപ്പോള്‍ അനില്‍ ആൻറണി നേടിയത് 2,34406 വോട്ടുകളാണ്.