06 June, 2024 11:51:40 AM


വയനാട്ടിൽ മുരളീധരൻ, പാലക്കാട് മാങ്കൂട്ടം, ചേലക്കരയിൽ രമ്യ: കോൺഗ്രസിൽ സജീവ ചർച്ച



തിരുവനന്തപുരം: രാഹുല്‍ ഗാന്ധി സീറ്റ് ഒഴിഞ്ഞാല്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കുന്നില്ലായെങ്കിൽ വയനാട്ടിലേക്ക് കെ.മുരളീധരനെ  പരിഗണിക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായി. തൃശ്ശൂരിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തില്‍ മുരളീധരനുണ്ടായ വിഷമം മാറ്റുകയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ലക്ഷ്യം.

പാര്‍ട്ടി പറഞ്ഞ ഇടത്തെല്ലാം എതിരുപറയാതെ മത്സരിച്ച കെ മുരളീധരന്‍ തൃശ്ശൂരില്‍ തോല്‍ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പൊതുരംഗത്തില്ലെന്ന് സങ്കടത്തോടെ പറഞ്ഞാണ് അദ്ദേഹം തെരഞ്ഞെടുപ്പ് തോല്‍വിയോട് പ്രതികരിച്ചത്. മുതിര്‍ന്ന നേതാക്കള്‍ പലരും ഫോണില്‍ വിളിച്ച്‌ അനുനയിപ്പിക്കുന്നുണ്ടെങ്കിലും വിഷമം മാറിയിട്ടില്ല. ഈ സാഹചര്യത്തില്‍ സുരക്ഷിതമായൊരു പദവി മുരളിക്ക് നല്‍കണമെന്നാണ് മുന്നണി നേതാക്കള്‍പോലും പറയുന്നത്.

എന്നാല്‍ വയനാട്ടില്‍ മത്സരിക്കാൻ കെ മുരളീധരന്‍ തയ്യാറാകുമോ എന്നതും നിശ്ചയമില്ല. പാലക്കാട് നിയമസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസി‍ഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിലിനെയോ , കെ പി സി സി വൈസ് പ്രസിഡൻ്റ്  വി റ്റി ബൽറാമിനേയോ മത്സരിപ്പിക്കാനാണ് സാധ്യത.

ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായശേഷം പാലക്കാട് മണ്ഡലത്തിലെ പല പരിപാടികളിലും ഷാഫിക്കൊപ്പം രാഹുലും പങ്കെടുത്തിരുന്നു. രാഹുൽ വന്നാൽ കൊള്ളാമെന്ന് ഷാഫിക്കും താൽപര്യമുണ്ടെന്നാണ് പ്രചാരണം. പകരക്കാരനെ തീരുമാനിക്കുന്നതിൽ ഷാഫിയുടെ അഭിപ്രായം കൂടി പരിഗണിക്കും.

ആലത്തൂരില്‍ തോറ്റ രമ്യാ ഹരിദാസിനെ ചേലക്കരയില്‍ മത്സരിപ്പിക്കുന്ന കാര്യവും ആലോചനയിലുണ്ട്. 
ചേലക്കരയിൽ ഇത്തവണ മന്ത്രി കെ രാധാകൃഷ്ണന് 5000 വോട്ടിൻ്റെ മാത്രം ലീഡ് ലഭിച്ചത് ആണ് രമ്യയെ വീണ്ടും പരിഗണിക്കുവാൻ പ്രധാന കാരണം ആയി മാറുന്നത്. ആലപ്പുഴയില്‍ തോറ്റ ഷാനിമോള്‍ ഉസ്മാന്‍ അരൂരില്‍ വിജയിച്ച ചരിത്രമാണ് പിന്‍ബലം. എന്നാല്‍ തോല്‍വിയുടെ കാര്യകാരണങ്ങളില്‍ പാര്‍ട്ടിയില്‍ കലാപം ഉയര്‍ന്നാല്‍ സാധ്യത മങ്ങും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K