08 June, 2024 11:25:54 AM


കെഎസ്ആര്‍ടിസി ബസിലും ഡിപ്പോകളിലും പോസ്റ്ററുകള്‍ പതിക്കരുത്, കണ്ടാല്‍ കീറിക്കളയണം- മന്ത്രി ഗണേഷ്



തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ എല്ലാ ഓഫിസുകളും വൃത്തിയായി സൂക്ഷിക്കാന്‍ കര്‍മപദ്ധതിയുമായി ഗതാഗതമന്ത്രി കെബി ഗണേഷ്‌കുമാര്‍. കെഎസ്ആര്‍ടിസി ഡിപ്പോകളിലോ ബസുകളിലോ പോസ്റ്ററുകള്‍ പതിക്കരുതെന്നു മന്ത്രി നിര്‍ദേശിച്ചു. കെഎസ്ആര്‍ടിസി ബസുകളിലും ഡിപ്പോകളിലും തന്റെ പടംപോലും ഒട്ടിക്കരുതെന്നും പോസ്റ്ററുകള്‍ കണ്ടാല്‍ കീറിക്കളയണമെന്നും മന്ത്രി കെബി ഗണേഷ്‌കുമാര്‍ ജീവനക്കാരോട് പറഞ്ഞു.

അംഗീകാരമുള്ളതും അല്ലാത്തതുമായ യൂണിയനുകള്‍ക്ക് പോസ്റ്ററുകള്‍ പതിക്കാന്‍ സ്ഥലം അനുവദിക്കും. അവിടെ മാത്രമേ പോസ്റ്ററുകള്‍ പതിക്കാവൂ. ഇതു സംബന്ധിച്ച് സിഎംഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മന്ത്രിയായ തന്റെ പോസ്റ്ററുകള്‍ കണ്ടാല്‍ പോലും ഇളക്കിക്കളയണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പട്ടു.

'എനിക്കു നിങ്ങളോടു ചിലതു പറയാനുണ്ട്' എന്ന പേരില്‍ കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക യൂട്യൂബ് പേജില്‍ പങ്കുവച്ച വിഡിയോയിലാണ് ഗണേഷ് കുമാര്‍ ഇക്കാര്യം പറഞ്ഞത്. ബസ് സ്റ്റേഷനിലോ ബസ്സിന്റെ പുറത്തോ പോസ്റ്റര്‍ ഒട്ടിച്ചാല്‍ അക്കാര്യം പൊലീസില്‍ അറിയിക്കണം. അത്തരം സംഘടനകള്‍ക്കെതിരെ കെഎസ്ആര്‍ടിസി കേസ് കൊടുക്കുമെന്നും മന്ത്രി പറഞ്ഞു.

ഡിപ്പോകളിലേക്ക് വിളിച്ചാല്‍ ഫോണ്‍ എടുത്ത് മാന്യമായി സംസാരിക്കണം. പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാന്‍ പുതിയ സംവിധാനം കൊണ്ടുവരും. ഡിപ്പോകളും സ്റ്റേഷനുകളും ആറുമാസത്തിനുള്ളില്‍ പൂര്‍ണമായും കമ്പ്യൂട്ടര്‍വത്കരിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി. ഓഫീസുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്നും ശനിയാഴ്ച ഉച്ചയ്ക്കുശേഷം ഉന്നതഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ചേര്‍ന്ന് വൃത്തിയാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K