09 June, 2024 10:06:34 PM


'പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നു'; സത്യപ്രതിജ്ഞക്ക് തൊട്ടുമുമ്പ് രാജീവ്‌ ചന്ദ്രശേഖർ

 

തിരുവനന്തപുരം : പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയും തിരുവനന്തപുരം മണ്ഡലം എൻഡിഎ സ്ഥാനാർഥിയുമായിരുന്ന രാജീവ് ചന്ദ്രശേഖർ. എൻഡിഎ സർക്കാർ സത്യപ്രതിജ്ഞക്ക് തൊട്ട് മുമ്പാണ്, 18 വർഷത്തെ പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായി സമൂഹമാധ്യമങ്ങളിലൂടെ രാജീവ് ചന്ദ്രശേഖർ അറിയിച്ചത്.

എന്നാൽ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനാൽ അല്ല തീരുമാനം എന്ന് രാജീവ് ചന്ദ്രശേഖർ പറയുന്നു. പക്ഷേ അങ്ങനെ ആയി. ഇതുവരെ പിന്തുണച്ച നേതാക്കൾക്ക് നന്ദിയെന്നും പോസ്റ്റിൽ പറയുന്നു. രണ്ടാം മോദി സർക്കാരിൽ മൂന്ന് വർഷം സേവനം ചെയ്യാൻ അവസരം ലഭിച്ചു. ഇനിയൊരു സാധാരണ ബിജെപി പ്രവർത്തകനായി തുടരുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മിനിറ്റുകൾ മാത്രം ബാക്കിനിൽക്കുമ്പോഴാണ് പൊതുപ്രവർത്തനം അവസാനിപ്പിക്കുന്ന വിവരം അദ്ദേഹം പങ്കുവച്ചത്. അതേസമയം, മൂന്നാം മോദി സർക്കാരിൽ മന്ത്രിസ്ഥാനം കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് രാജീവ് ചന്ദ്രശേഖറിന്റെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.

കേരളത്തിൽ നിന്ന് തൃശൂർ എം.പി സുരേഷ് ഗോപിയെയും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനെയുമാണ് കേന്ദ്ര മന്ത്രിസഭയിലേക്ക് പരിഗണിച്ചതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രഖ്യാപനം. സുരേഷ് ഗോപിയോടൊപ്പം മന്ത്രി സ്ഥാനത്തേക്ക് രാജീവിന്റെ പേര് പരിഗണനയിലുള്ളതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഉച്ചയോടെയാണ് ജോർജ് കുര്യനാണ് മന്ത്രിയെന്ന വാർത്ത പുറത്തു വന്നത്.

മിനിറ്റുകൾക്കുള്ളിൽ പോസ്റ്റ് പിൻവലിച്ചു

പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നു എന്ന് രാജീവ് ചന്ദ്രശേഖർ സമൂഹമാധ്യമങ്ങളിൽ കുറിച്ച പോസ്റ്റ് നിമിഷങ്ങൾക്കുള്ളിൽ പിൻവലിച്ചു. ഫെയ്സ്ബുക്കിലും എക്സിലും പങ്കുവച്ച പോസ്റ്റുകളാണ്, സംഭവം വൻ വാർത്താ പ്രാധാന്യം നേടിയതിനു തൊട്ടുപിന്നാലെ രാജീവ് ചന്ദ്രശേഖർ പിൻവലിച്ചത്.

പുതിയ ട്വീറ്റ് ഇപ്രകാരമാണ് 

"ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ കീഴിലുള്ള മന്ത്രി സഭയിൽ എംപി എന്ന നിലയിലുള്ള എൻ്റെ 18 വർഷവും സഹമന്ത്രി എന്ന നിലയിലുള്ള എൻ്റെ 3 വർഷവും ഇന്ന് അവസാനിക്കുന്നു.

എൻ്റെ ടീമിലെ ഒരു പുതിയ യുവ ഇൻ്റേൺ ട്വീറ്റ് ചെയ്‌ത ഒരു ട്വീറ്റ് ,ഈ 18 വർഷത്തെ എംപി എന്ന നിലയിൽ പൊതുസേവനത്തിൽ എല്ലാവരുടെയും പ്രചോദനത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞുകൊണ്ട്, എൻ്റെ ഭാവി രാഷ്ട്രീയ പ്രവർത്തനത്തെക്കുറിച്ച് ഒരു വിഭാഗം ആളുകൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു.

ഇതിൽ കൂടുതൽ സങ്കീർണതകൾ ഉണ്ടാകാതിരിക്കാൻ ട്വീറ്റ് ഡിലീറ്റ് ചെയ്തു.  ബിജെപിയുടെ ഒരു പ്രവർത്തകൻ എന്ന നിലയിൽ ഇന്ത്യയെയും തിരുവനന്തപുരത്തെയും മുന്നോട്ട് കൊണ്ടുപോകാനുള്ള എൻ്റെ പ്രവർത്തനവും പ്രതിബദ്ധതയും മുമ്പത്തെപ്പോലെ തന്നെ തുടരുന്നു."


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K