09 June, 2024 10:48:43 PM


ജോര്‍ജ് കുര്യനും കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു



ന്യൂഡൽഹി : കേരളത്തില്‍ നിന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സുരേഷ് ഗോപിയെ കൂടാതെ രണ്ടാമത്തെ സഹമന്ത്രിയാണ് അദ്ദേഹം. 

ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ചായ സല്‍ക്കാരത്തില്‍ അദ്ദേഹം പങ്കെടുത്തതോടെയാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുമെന്ന വിവരം പുറത്തുവന്നത്. മന്ത്രിയാകുന്ന വിവരം കുടുംബത്തെ പോലും അദ്ദേഹം അറിയിച്ചിരുന്നില്ല. കുടുംബം വീട്ടില്‍ ഇരുന്നാണ് ചടങ്ങിന്റെ ആഹ്‌ളാദത്തില്‍ പങ്കെടുത്തത്
കേരളത്തില്‍ നിന്നു സുരേഷ് ഗോപി അടക്കമുള്ളവര്‍ കുടുംബത്തോടൊപ്പമാണ് സത്യപ്രതിജ്ഞക്ക് എത്തിയത്.

പാര്‍ട്ടി രഹസ്യം ചോരാതെ സൂക്ഷിക്കുന്ന അച്ചടക്കമുള്ള പ്രവര്‍ത്തകനാണ് താനെന്നു തെളിയിക്കുന്നതായി അദ്ദേഹത്തിന്റെ നടപടി വിലയിരുത്തപ്പെട്ടു. ക്രൈസ്തവ ന്യൂനപക്ഷത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിയാണ് അദ്ദേഹം.

1977ല്‍ അടിയന്തരാവസ്ഥക്കാലത്ത് വിദ്യാർഥി ജനതയിലൂടെ പൊതുരംഗത്തേക്ക് എത്തി. 1980 വിദ്യാർഥി മോർച്ചയിൽകൂടി ബി.ജെ.പി. പ്രവേശം. അന്നുമുതൽ ബി.ജെ.പിക്കൊപ്പം പ്രവർത്തനം. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻ്റ്, ദേശീയ നിർവാഹക സമിതി അംഗം, സംസ്ഥാന വക്താവ്, യുവമോർച്ച അഖിലേന്ത്യ വൈസ് പ്രസിഡൻ്റ്, അഖിലേന്ത്യാ സെക്രട്ടറി, നൂന്യപക്ഷ മോർച്ച അഖിലേന്ത്യ ജനറല്‍ സെക്രട്ടറി, യുവമോർച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി, എജ്യൂക്കേഷൻ സൊസൈറ്റി സെക്രട്ടറി, ഫൈൻ ആർട്സ് സൊസൈറ്റി സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ദേശീയ ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാൻ സ്ഥാനവും ജോർജ് കുര്യനെ തേടിയെത്തിയിട്ടുണ്ട്.

കോട്ടയം കാണക്കാരി നമ്പ്യാകുളം പൊയ്ക്കാരന്‍കാലായില്‍ കുര്യന്റെയും അന്നമ്മയുടെയും മകനാണ്. ബിഎസ്.സി., എല്‍.എല്‍.ബി ബിരുദധാരിയായ അദ്ദേഹം ആർട്സില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. മാന്നാനം കെ.ഇ കോളജ്,നാട്ടകം ഗവ. കോളജ്, പാലാ സെന്റ് തോമസ് കോളജ് എന്നിവിടങ്ങളില്‍ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. എം.ജി സര്‍വകലാശാലയുടെ സ്‌കൂള്‍ ഒഫ് ലീഗല്‍ തോട്‌സില്‍ നിന്ന് എല്‍.എല്‍.ബിയും പൂർത്തിയാക്കി.

കോട്ടയം, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ നിന്നായി മൂന്ന് തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടി. 2016ല്‍ പുതുപ്പള്ളി മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്കുള്ള കന്നിമത്സരം. അന്ന് സിറ്റിങ് എം.എല്‍.എ ഉമ്മൻ ചാണ്ടിയോട് തോറ്റു. റിട്ടയേർഡ് മിലിറ്ററി നഴ്സായ അന്നമ്മ ആണ് ഭാര്യ. മക്കൾ: ആദർശ് (കാനഡ), ആകാശ് (ജോർജിയ)


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K