10 June, 2024 09:55:07 AM


മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന്



ന്യൂഡല്‍ഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ഡൽഹിയിൽ ചേരും. 30 കാബിനറ്റ് മന്ത്രിമാർ അടക്കം 72 പേർ ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. പ്രധാനമന്ത്രി ആവാസ് യോജനക്കായിരിക്കും ആദ്യ മന്ത്രിസഭാ യോഗത്തിലെ പ്രഥമ പരിഗണന. പദ്ധതിപ്രകാരം നിർധനരായ രണ്ട് കോടി പേർക്ക് കൂടി വീട് വെച്ച് നൽകും

പദ്ധതിയുടെ കേന്ദ്രവിഹിതം 50 ശതമാനം വരെയെങ്കിലും വർധിപ്പിക്കും. ഇടക്കാല ബജറ്റിലെ മറ്റ് പ്രഖ്യാപനങ്ങൾക്കും മുൻഗണന നൽകാനാണ് നീക്കം. മന്ത്രിമാരുടെ വകുപ്പുകൾ ഏതൊക്കെയെന്ന് ഇന്ന് തീരുമാനമാകും. രണ്ടാം മോദി മന്ത്രിസഭയിലുണ്ടാരുന്ന പല പ്രമുഖരെയും മൂന്നാം മോദി സർക്കാരിനും നിലനിർത്തിയിട്ടുണ്ട്

പ്രധാനമന്ത്രിക്ക് ശേഷം രണ്ടാമനായി രാജ്‌നാഥ് സിംഗാണ് സത്യപ്രതിജ്ഞ ചെയ്തത്. മൂന്നാമനായി അമിത് ഷാ സത്യപ്രതിജ്ഞ ചെയ്തു. എസ് ജയശങ്കർ, നിർമല സീതാരാമൻ, പീയുഷ് ഗോയൽ എന്നിവർ പുതിയ മന്ത്രിസഭയിലുമുണ്ട്. ശിവരാജ് സിംഗ് ചൗഹാൻ, ജെപി നഡ്ഡ, മനോഹർ ലാൽ ഖട്ടർ എന്നിവരും മന്ത്രിസഭയിലെത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K