10 June, 2024 03:04:02 PM
തൃശൂര്‍ ഡിസിസി ഓഫീസിലെ തമ്മിലടി; ജോസ് വള്ളൂരും വിൻസെന്‍റും രാജി വെച്ചു
തൃശൂർ: തൃശൂര്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് വള്ളൂരും തൃശൂർ യുഡിഎഫ് ചെയർമാൻ എംപി വിൻസെന്റും രാജി വെച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ തൃശൂർ ഡിസിസി ഓഫീസിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ നടന്ന കൂട്ടത്തല്ലിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. ഡിസിസി ഓഫീസിലെത്തിയാണ് ജോസ് വള്ളൂര്‍ രാജി പ്രഖ്യാപിച്ചത്. ഡിസിസി ഓഫീസിലെ സംഘര്‍ഷങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെക്കുകയാണെന്ന് എം പി വിന്‍സെന്റ് വ്യക്തമാക്കി. ഡിസിസി ഓഫീസില്‍ നടക്കാന്‍ പാടില്ലാത്ത സംഭവങ്ങളാണ് നടന്നതെന്നും എം പി വിന്‍സെന്റ് പറഞ്ഞു.
കെ മുരളീധരന്റെ തോല്‍വിയും തുടര്‍ന്ന് ഡിസിസി ഓഫീസിലുണ്ടായ കൂട്ടയടിയിലും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍, എം പി വിന്‍സെന്റ് എന്നിവരുടെ രാജി ആവശ്യപ്പെടാന്‍ ഹൈക്കമാന്‍ഡ് കെപിസിസിക്ക് നിര്‍ദേശം നല്‍കിയിരുന്നു. എഐസിസി നിര്‍ദേശം കെപിസിസി ഇരുനേതാക്കളെയും അറിയിക്കുകയായിരുന്നു. ഡിസിസി ഓഫീസ് സംഘര്‍ഷത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഇരു നേതാക്കള്‍ക്കും ഒഴിഞ്ഞു നില്‍ക്കാനാകില്ലെന്ന് നേതൃത്വം വിലയിരുത്തി. പാലക്കാട് എംപി വികെ ശ്രീകണ്ഠന് തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ചുമതല നല്‍കാനാണ് തീരുമാനം.